തിരുവനന്തപുരം: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറാന ദേവാലയത്തിലെ വൈദികൻ ഫാ.ജോസഫ് ആറ്റുചാലിലിനെതിരേ നടന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.
പൂഞ്ഞാർ സംഭവത്തില്‍ അറസ്റ്റിലായവർ കാട്ടിയത് തെമ്മാടിത്തമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുമായി നടത്തിയ മുഖാമുഖത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
എന്തു തെമ്മാടിത്തമാണ് യഥാർഥത്തില്‍ അവിടെ നടന്നത്. ആ വൈദികന് നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. വൈദികൻ രക്ഷപെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റ് എന്ന് പറയുമ്ബോള്‍ എല്ലാവരും ഉണ്ടാകുമെന്ന് അല്ലേ നമ്മള് കരുതുക. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടവരെല്ലാം മുസ്ലിം വിഭാഗക്കാർ മാത്രമായിരുന്നുവെന്നും അല്ലാതെ ഒരു വിഭാഗത്തെ തെരഞ്ഞുപിടിച്ചതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൂഞ്ഞാർ സംഭവത്തില്‍ മുസ്ലിം വിഭാഗത്തെ മാത്രം പ്രതി ചേർത്തുവെന്ന വിമർശനത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുസ്ലിം പണ്ഡിതനും ഓള് ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന കോർഡിനേറ്ററുമായ ഹുസൈൻ മടവൂരാണ് മുഖാമുഖത്തില്‍ വിഷയം ഉന്നയിച്ചത്.


