മൂവാറ്റുപുഴ: പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിയ്ക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ക്ഷീരഗ്രാമം പദ്ധതി ആരക്കുഴ പഞ്ചായത്തിലും നടപ്പിലാക്കുന്നു. പാല് ഉല്പാദനം വര്‍ദ്ധിപ്പിക്കുക, ക്ഷീര കര്‍ഷകരുടെ സാമൂഹിക സാമ്പത്തിക ഉന്നമനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ക്ഷീരഗ്രാമ പദ്ധതിയില്‍ കര്ഷകന് 1.50 ലക്ഷം രൂപ മുടക്കി രണ്ട് പശുക്കളുള്ള 32 യൂണിറ്റുകള്‍ തുടങ്ങാം. ഇതില്‍ ഓരോ യൂണിറ്റുകള്‍ക്കും 46,500 രൂപ വീതം സബ്സിഡി ലഭിക്കും, അഞ്ച് പശുക്കളുള്ള നാല് യൂണിറ്റുകള്‍ക്ക് നാല് ലക്ഷം രൂപ വീതമാണ് മുടക്ക് വരിക. ഒരോ യൂണിറ്റുകള്‍ക്കും 1.32 ലക്ഷം രൂപ വീതമാണ് സബ്സിഡി നല്‍കുന്നത്.
ഒരു ലക്ഷം രൂപ വീതം മുടക്കി ഉപകരണങ്ങള്‍ വാങ്ങുന്ന 51 ക്ഷീരകര്‍ഷകര്‍ക്ക് 50,000 രൂപ വീതം സബ്സിഡി അനുവദിക്കും. 60,000 രൂപ വില വരുന്ന മില്‍ക്കിംഗ് മെഷിന് 11 പേര്‍ക്ക് വാങ്ങാം. മുപ്പതിനായിരം രൂപയാണ് സബ്സിഡി ലഭിക്കുക. പദ്ധതി പ്രകാരം 180 രൂപ വിലയുള്ള മിനറല്‍ മിക്സ് 45 രൂപ സബ്സിഡി നിരക്കില്‍ 420 പേര്‍ക്ക് നല്‍കും. 2022-23 വര്‍ഷത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ 20 ഗ്രാമപഞ്ചായത്തുകളില്‍ ഒന്നായാണ് ആരക്കുഴ ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ പറഞ്ഞു.


