വയനാട് ടൗൺഷിപ്പിലെ വീടുകളിലെ വിള്ളൽ താപനിലയുമായി ബന്ധപ്പെട്ടു ഉണ്ടായ ക്രാക്കാണ്, സ്ട്രക്ചറൽ ക്രാക്കല്ലെന്ന് മന്ത്രി കെ രാജൻ. ടൗൺഷിപ്പിലെ വീടിൻറെ ഉറപ്പു പരിശോധിക്കാനാണ് വയനാട്ടിലേക്ക് പോയത്. വാട്ടർ പോണ്ടിംഗ് നടത്തി ലീക്ക് പരിശോധിച്ചിരുന്നു. വാട്ടർപ്രൂഫിങ് നടത്തി. വാട്ടർ പ്രൂഫിംഗ് നടത്തിയിട്ടും വീണ്ടും കോൺക്രീറ്റ് നടത്തി.
പിന്നെയും രണ്ടിടത്ത് ലീക്ക് കണ്ടു. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. താപനിലയുമായി ബന്ധപ്പെട്ടു ഉണ്ടായ ക്രാക്കാണത്. സ്ട്രക്ചറൽ ക്രാക്കല്ല ഉണ്ടായത്. മഴയിൽ ചോർന്ന് ഒലിച്ചിതല്ല, വാട്ടർ പോണ്ടിങ്ങ് ടെസ്റ്റിന്റെ ഭാഗമായി ഉണ്ടായതാണെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങൾ ലഭ്യമായ വിവരങ്ങൾ വെച്ച് റിപ്പോർട്ട് ചെയ്യുന്നത് ശരിയല്ല. വസ്തുത മനസ്സിലാക്കി വേണം റിപ്പോർട്ട് ചെയ്യാനെന്നും അദ്ദേഹം വിമർശിച്ചു.
മേശപ്പുറത്ത് കയറി ചോദിച്ചത് ശരിയായില്ല എന്ന് പറയുന്നവരോട് എൻറെ വീടിൻറെ ഉറപ്പു പരിശോധിക്കാൻ അത് ചെയ്യുമെന്നാണ് അദ്ദേഹം നൽകിയ മറുപടി. ചൂരൽമലക്കാർക്ക് ഞാനൊരു മന്ത്രിയല്ല, അവരിൽ ഒരാളാണ്. പ്രോട്ടോകോൾ നോക്കിയല്ല ചൂരൽമലയിൽ തുടക്കം മുതൽ ഇടപെട്ടത്. അവിടുത്തെ പ്രവർത്തനങ്ങൾക്ക് രാപ്പകൽ നേതൃത്വം നൽകിയത്. കമ്പനി പറഞ്ഞാൽ പോര, നേരിട്ട് പരിശോധിക്കണമെന്ന് ബോധ്യത്തിലാണ് മേശമേൽ കയറിയത്. മന്ത്രിയെങ്ങനെ പണിക്കാരനാവും, എൻജിനീയറാകും എന്നതാണ് ചോദ്യം. പ്രസ്താവിച്ച് പോരലല്ല എൻ്റെ ശീലം. ചൂരൽമലക്കാർക്ക് മന്ത്രിയല്ല, ഞാൻ കൂട്ടുകാരനാണ്.


