മൂവാറ്റുപുഴ: ദേഹമുരുകുന്ന ചൂടിലും പ്രചരണച്ചൂടിന് ആവേശക്കുറവില്ല. യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍ നാടന്‍ ഇന്നലെയും ഗൃഹസന്ദര്‍ശനവും വിവിധ ചടങ്ങുകളില്‍ പങ്കെടുത്തും പ്രചരണത്തില്‍ നിറഞ്ഞു. മൂവാറ്റുപുഴ പച്ചക്കറി മാര്‍ക്കറ്റിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. മാത്യു കുഴല്‍ നാടന്റെ പ്രചരണത്തിന് ഇന്നലെ തുടക്കമായത്. തുടര്‍ന്ന് മാര്‍ക്കറ്റ് ബസ്റ്റാന്റിലെ കടകളില്‍ വോട്ട് തേടി.
നഗരസഭ ഹെല്‍ത്ത് ചെയര്മാന് പിഎം അബ്ദുല്‍ സലാം, ടൗണ്‍ മണ്ഡലം യുഡിഎഫ് ചെയര്മാന് കബീര്‍ പൂക്കടശേരി മറ്റ് നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ വിവിധ ദേവാലയങ്ങളിലും മഠങ്ങളിലും സന്ദര്‍ശിച്ച ശേഷം വാഴക്കുളത്തെ കടകളില്‍ എത്തി, പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ കച്ചവടക്കാരെയും കൃഷിക്കാരെയും തൊഴിലാളികളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. കിടപ്പു രോഗികളെയും സന്ദര്‍ശിച്ചു.

തുടര്‍ന്ന് പൈനാപ്പിള്‍ കര്‍ഷകരുടെ യോഗത്തില്‍ സംബന്ധിച്ചു. കൃഷിക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പള്ളിക്കുന്നേല്‍, മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ട മാക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ്, കേരള കോണ്‍ഗ്രസ് നേതാവ് എന്‍ ജെ ജോര്‍ജ് , കെ വി ജോണ്‍ കളമ്പാട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു. വിവിധ പൈനാപ്പിള്‍ സംഘടന നേതാക്കളായ ജയിംസ് തോട്ടുമാരി, ബേബി പേടിക്കാട്ട് കുന്നേല്‍, ജോജോ ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


