പുതുയുഗയാത്ര സമാപന സമ്മേളനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങളെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലായില്ല. യുഡിഎഫ് നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളില്‍ ഏതെങ്കിലും നടപ്പിലായിട്ടുണ്ടോയെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ ചോദിച്ചു.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അവര്‍ കൊട്ടിഘോഷിച്ചതുപോലെ മോശം തരത്തിലല്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സാഹചര്യത്തില്‍ നോക്കുമ്പോള്‍ നല്ല മെച്ചപ്പെട്ട സാഹചര്യത്തില്‍ തന്നെയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണ്. രാജ്യത്തെ മെച്ചപ്പെട്ട സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും നടക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കുന്നത് നമ്മളാണ്. ക്ഷേമപെന്ഷന് 62 ലക്ഷം പേര്‍ക്ക് കൃത്യമായി മുടങ്ങാതെ കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീ സുരക്ഷാ പദ്ധതിപ്രകാരം 1000 രൂപ വച്ചുകൊടുക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സ്ഥിതി വളരെ മോശമാണിപ്പോള്‍. സാമ്പത്തികമായി കേരളം വല്ലാത്തൊരു ബുദ്ധിമുട്ടിലേക്ക് പോകും എന്ന് ഇവര്‍ പ്രതീക്ഷിച്ചത് പോലെ ആയിട്ടില്ല. ചെയ്യാന്‍ പറ്റുന്ന പ്രഖ്യാപനങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്. പറഞ്ഞ കാര്യങ്ങള്‍ ചെയ്യും – അദ്ദേഹം പറഞ്ഞു.


