മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്റെ പ്രചരണാര്‍ഥം രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഡോ. ശശി തരൂര്‍ എന്നിവര്‍ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയില്‍ പ്രചരണത്തിനെത്തും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജനകീയ സദസ്- ടോക്ക് വിത്ത് തരൂര്‍ എന്ന പരിപാടിയില്‍ ഡോ. ശശി തരൂര്‍ എംപി പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ജനകീയ സദസില്‍ പങ്കെടുക്കും. സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടനും പരിപാടിയില്‍ പങ്കെടുക്കും.

എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നാളെയാണ് പ്രചരണത്തിനായി മണ്ഡലത്തിലെത്തുന്നത്. മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മാത്യു കുഴല്‍നാടന്റെ പ്രചരണ യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. വരും ദിവസങ്ങളില്‍ പ്രചരണത്തിനായി കൂടുതല്‍ ദേശീയ നേതാക്കാള്‍ മൂവാറ്റുപുഴയിലെത്തും.


