വെള്ളിമാട്കുന്ന്: മാനസിക വൈകല്യമുള്ള യുവതിയെ ബസില്‍ പീഡിപ്പിച്ച കേസില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്. ജൂലൈ നാലിന് ആണ് സംഭവം ഉണ്ടായത്. മാതാവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയെ മുണ്ടിക്കല്‍ത്താഴം വയല്‍സ്റ്റോപ്പിനടുത്തുവെച്ച് നിര്‍ത്തിയിട്ട ബസില്‍ മൂന്നുപേര്‍ പീഡിപ്പിക്കുകയായിരുന്നു. കുന്ദമംഗലം സ്വദേശി മലയൊടിയാറുമ്മല്‍ വീട്ടീല് ഗോപീഷ് (38), പത്താം മൈല്‍ മേലേ പൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍(32) എന്നിവരെ ചേവായൂര്‍ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ പ്രധാന പ്രതിയായ ഇന്ത്യേഷിനെ ഇതുവരെ പിടികൂടാൻ ആയിട്ടില്ല.
2003ലെ കാരന്തൂര്‍ കൊലപാതകകേസില്‍ ശിക്ഷയനുഭവിച്ച പന്തീര്‍പാടം പാണരുകണ്ടത്തില്‍ ഇന്ത്യേഷ് കുമാർ (38) ഇപ്പോഴും ഒളിവിലാണ്. യുവതിയെ ഗോപീഷും ഇന്ത്യേഷും സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയി ബസില്‍വെച്ച് അതിക്രൂരമായി പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെയും വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയുമായിരുന്നു.
ഇന്ത്യേഷ്കുമാറിനുവേണ്ടി കേസ് അന്വേഷിക്കുന്ന മെഡിക്കല്‍ കോളജ് അസി. പൊലീസ് കമീഷണര്‍ കെ. സുദര്ശന് ജൂലൈ ഒമ്പതാം തിയതി ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. പൊലീസ് വലവിരിച്ച് അന്വേഷിക്കവെ ഇയാള്‍ പന്തീരാങ്കാവില്‍ ആശ്രമത്തിലെത്തിയിരുന്നു. ആശ്രമത്തിലെ അന്തേവാസികളില്‍ നിന്നും സന്ദര്‍ശകരില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടും ഇയാളെ പിടികൂടാനായില്ല. പ്രതിയെ പിടികൂടാത്തതില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും വനിത സംഘടനകളും പൊലീസിനെതിരെ ആക്ഷേപം ഉയര്‍ത്തുന്നുണ്ട്.


