കൊച്ചി: കോവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അടിയന്തിര പ്രാധാന്യത്തോടെ വാക്സിനേഷന് നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്. ജില്ല ബ്യൂറോകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല പ്രാദേശിക തലത്തില്‍ ജോലി ചെയ്യുന്ന പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും വാക്സിനേഷന് നല്‍കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക അസോസിയേഷന് എറണാകുളം ജില്ല കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, എറണാകുളം ജില്ല കലക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് എന്നിവര്‍ക്ക് കത്ത് നല്കി.
വാക്സിനേഷന് എങ്ങനെ അപേക്ഷിക്കണം എന്നത് ഇപ്പോഴും അവ്യക്തമാണെന്ന് കത്തില്‍ പറയുന്നു. മാധ്യമ സ്ഥാപനങ്ങളുടെ ജില്ല ബ്യൂറോകളില്‍ ജോലി ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ ജില്ലാ ഭരണകൂടം ശേഖരിച്ചിരുന്നു. എന്നാല്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ വാക്സിനേഷന് എങ്ങനെ രജിസ്റ്റര്‍ ചെയ്യണം എന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചതുമില്ല.
ജില്ലാ ബ്യൂറോകളേക്കാള് ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് പ്രാദേശിക പത്രപ്രവര്‍ത്തകര്‍. എണ്ണത്തിലും കൂടുതല്‍ പ്രാദേശിക പത്രപ്രവര്‍ത്തകരാണ്. പ്രിന്റ്, ദൃശ്യമാധ്യമങ്ങള്‍ എന്നിവക്കു പുറമെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരും വാര്‍ത്താ ശേഖരണത്തിനായി സജീവമായി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. എറണാകുളം ജില്ല കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് യു.യു. മുഹമ്മദ് കുഞ്ഞ് സെക്രട്ടറി കെ.കെ. സുമേഷ് എന്നിവരാണ് കത്തയച്ചത്.


