വിഴിഞ്ഞം : വിഴിഞ്ഞം വിഷയത്തില്‍ വീണ്ടും സര്‍ക്കാരുമായി ഇടഞ്ഞ് ലത്തീന്‍ സഭ. നിര്മാണാവശ്യത്തിനുളള ക്രെയിനുകളെത്തിച്ചതിന് കപ്പല്‍ വന്നതായി ജനത്തെ തെറ്റിദ്ധരിപ്പിച്ചെന്നും സ്വീകരണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ചടങ്ങില്‍ പങ്കെടുക്കുന്നത് കുറച്ചിലായി കാണുന്നുവെന്നും വികാരി ജനറല്‍ തുറന്നടിച്ചു.
ചൈനീസ് ചരക്ക് കപ്പല്‍ ഷെന്‍ഹുവ 15 വിഴിഞ്ഞത്തെത്തിയ ആഘോഷത്തില്‍ കല്ലുകടിയായി സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത് ലത്തീന്‍ സഭ. വിഴിഞ്ഞം സമരം ഒത്തു തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് നല്കിയ ഏഴ് വാഗ്ദാനങ്ങളില്‍ ഫ്ളാറ്റ് നിര്‍മാണം ഉള്‍പ്പെടെയുളള ജോലികള്‍ ഇഴഞ്ഞു നീങ്ങുന്നതും മുതലപ്പൊഴിയില്‍ നവീകരണ ജോലികള്‍ എങ്ങുമെത്താത്തതുമാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയെ ചൊടിപ്പിച്ചത്.
ക്രെയിന്‍ വരുന്നതിന് ആഘോഷം വയ്ക്കുന്നത് ജനത്തെ പറ്റിക്കാനാണെന്ന് വികാരി ജനറല്‍ കുറ്റപ്പെടുത്തി. വികസത്തിന് സഭ എതിരല്ലെന്ന് ആവര്‍ത്തിച്ച വികാരി ജനറല്‍ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടെ ഔദ്യോഗിക സ്വീകരണ ചടങ്ങില്‍ സഭാ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ അനുനയ നീക്കം സജീവമാക്കിയ സര്‍ക്കാര്‍. വിഴിഞ്ഞം ഇടവക പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ആര്‍ച്ച് ബിഷപുമായി മന്ത്രി തലത്തില്‍ നേരിട്ട് ചര്‍ച്ച നടത്താനും ഒൗദ്യോഗിക സ്വീകരണചടങ്ങില്‍ ലത്തീന്‍ അതിരൂപതയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള നീക്കങ്ങളും സജീവമാണ്. ചര്‍ച്ച ശുഭസൂചകമാണെന്ന് വിഴിഞ്ഞം ഇടവക വികാരി മോണ്‍സിഞ്ഞോര്‍ ടി.നിക്കോളാസ് പറഞ്ഞു.


