മൂവാറ്റുപുഴ: മാന്യതയുടെ സകല സീമകളും ലംഘിച്ചു വര്‍ഗീയ പ്രചാരണങ്ങളിലേയ്ക്ക് തെരെഞ്ഞെടുപ്പ് വഴുതി പല മണ്ഡലങ്ങളും. ഏറ്റവും ഒടുവില്‍ എറണാകുളത്ത് മുവാറ്റുപുഴയിലാണ് ഇത്തരത്തില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ അരങ്ങു തകര്‍ക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
മുവാറ്റുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടനെതിരേ വര്‍ഗീയ വാചകങ്ങളടങ്ങിയ ഫ്ളക്സ് ബോര്‍ഡുകള്‍ നിയോജക മണ്ഡലത്തിലെ വിവിധ മുസ്ലിം പള്ളികള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ളതാണ് ബോര്‍ഡിലെ വാചകങ്ങള്‍. മുസ്ളീം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുകയാണ് പ്രചരണത്തിലെ ലക്ഷ്യം. പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഉയര്‍ന്ന ഇത്തരം ആരോപണങ്ങള്‍ക്ക് വസ്തുതകള്‍ അക്കമിട്ട് നിരത്തി മറുപടിയും നല്‍കിയതായി മാത്യു കുഴല്നാടന് പറഞ്ഞു. കുഴല്നാടന് ലഭിക്കാവുന്ന മുസ്ളീം യാക്കോബായ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് പ്രചാരണമെന്ന് യുഡിഎഫ് വൃത്തങ്ങള്‍ പ്രതികരിച്ചു.
യുഡിഎഫ് ക്യാമ്പുകളുടെ പ്രതീക്ഷകള്‍ മറികടന്ന് കുഴല്‍നാടന്റെ സ്ഥാനാര്‍ഥി പര്യടനത്തിന് വന്‍ ജനാവലിയാണ് അണിനിരന്നത്. വഴിയോരങ്ങളില്‍ കാത്ത് നിന്ന് സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യം നേരാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ അണിനിരന്നത് യുഡിഎഫ് ക്യാമ്പുകളെപ്പോലും ഞെട്ടിച്ചിരുന്നു.
ഇതോടെയാണ് വര്‍ഗീയ ചേരിതിരിവ് ലാക്കാക്കി കുഴല്‍നാടനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള പ്രചാരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.


