ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ തർക്കവും തുടർന്നുണ്ടായ യുവാവിന്റെ മരണവും ഡൽഹിയിലെ ഉത്തംനഗറിൽ ഗുരുതരമായ വർഗീയ സംഘർഷാവസ്ഥയ്ക്ക് കാരണമാകുന്നു. വരാനിരിക്കുന്ന ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി പ്രദേശത്തെ നിരവധി മുസ്ലിം കുടുംബങ്ങൾ സുരക്ഷാഭീതിയെത്തുടർന്ന് താമസം മാറിപ്പോകാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
മാർച്ച് 4ന് ഹോളി ആഘോഷത്തിനിടെ ഒരു പെൺകുട്ടി മുസ്ലിം സ്ത്രീയുടെ മേൽ വാട്ടർ ബലൂൺ എറിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വലിയ അക്രമത്തിലേക്ക് വഴിമാറിയത്. രണ്ട് വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട കുടുംബങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 26കാരനായ തരുൺ കുമാറിന് ഗുരുതരമായി പരിക്കേൽക്കുകയും നാല് ദിവസത്തിന് ശേഷം അദ്ദേഹം മരണപ്പെടുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തരുണിന്റെ മരണത്തിന് പിന്നാലെ ഉത്തംനഗറിലെ ഹസ്ത്സൽ ഗ്രാമത്തിൽ സ്ഥിതിഗതികൾ വഷളായി. വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധ പ്രകടനങ്ങളും അനുശോചന യോഗങ്ങളും നടത്തി. ഈ യോഗങ്ങളിൽ മുസ്ലിം സമുദായത്തിനെതിരെ പരസ്യമായ ഭീഷണികൾ മുഴക്കുകയും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതായും പ്രദേശവാസികൾ ആരോപിക്കുന്നു.
‘ഞങ്ങൾ അമ്പത് വർഷമായി ഇവിടെ താമസിക്കുന്നവരാണ്. എന്നാൽ ഇപ്പോൾ പുറത്തുനിന്നെത്തുന്നവർ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഈ കേസിൽ പ്രതികളായവർ ചെയ്ത തെറ്റിന് ഞങ്ങൾ എന്തിന് അനുഭവിക്കണം?’ ഉത്തംനഗറിൽ റസ്റ്റോറന്റ് നടത്തുന്ന സമീൽ അഹമ്മദ് ചോദിക്കുന്നു. സുരക്ഷയെ കരുതി തന്റെ മക്കളും കൊച്ചുമക്കളും ഈദ് പ്രമാണിച്ച് മാറിനിൽക്കാൻ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാടകയ്ക്ക് താമസിച്ചിരുന്ന ചില കുടുംബങ്ങൾ ഇതിനോടകം തന്നെ ഒഴിഞ്ഞുപോയതായും റിപ്പോർട്ടുകളുണ്ട്.


