തിരുവനന്തപുരം: 31-ാ മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ, ചരിത്രത്തിലാദ്യമായി സിനിമകൾക്ക് 24 മണിക്കൂർ പ്രദർശനം ഉണ്ടാകുമെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ചലച്ചിത്ര മേളയിൽ ഈ വർഷം സമഗ്ര മാറ്റങ്ങളുണ്ടാകും. മേളയിൽ എത്തുന്ന വിദേശികളെ കേരളത്തിലെ ടൂറിസം സ്പോട്ടുകളിലെത്തിക്കാൻ പ്രത്യേക പദ്ധതി ഒരുക്കുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
പുലർച്ച വരെയും അതിരാവിലെ മുതലും സ്ക്രീനിങ്ങുകൾ ഉണ്ടാകും. IFFK വേദിയിലും റിസർവേഷൻ സിസ്റ്റം നടപ്പിലാക്കുന്നു. വയോജനങ്ങൾക്കും ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും 30% റിസർവേഷൻ ഏർപ്പെടുത്തും. തീയറ്ററുകളുടെ എണ്ണം കൂട്ടുന്നതും ആലോചനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് തീയറ്ററുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉടമകളുമായി ചർച്ച നടത്തും. ഐഎഫ്എഫ്കെയിൽ ഒരു പ്രേക്ഷകൻ എന്താണ് ആഗ്രഹിക്കുന്നത് എന്നറിയാം. ഭരണസമിതിയിലുള്ളവരോട് അത്തരം കാര്യങ്ങളാണ് സംസാരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് സ്ക്രീനുകളുടെ എണ്ണവും സ്ക്രീനിങ്ങും കൂട്ടാനായി തീരുമാനമെടുത്തത്. പലപ്പോഴും ആളുകൾ രണ്ട് മണിക്കൂറുകളോളം ക്യൂ നിന്ന് നിരാശരായി നല്ല സിനിമകൾ കാണാൻ പറ്റാതെ മടങ്ങിപോകാറുണ്ട്.അതുകൊണ്ടാണ് ഇത്തവണ 24 മണിക്കൂർ പ്രദർശനം ഉണ്ടാകുമെന്ന് പറഞ്ഞത്. സെൻസർഷിപ്പുമായി ബന്ധപ്പെട്ട് IFFK യിലും സർക്കാറിന് ആശങ്കയുണ്ടെന്നും മന്ത്രി പിസി വിഷ്ണുനാദ് പറഞ്ഞു. ഇത്തവണ IFFK നടക്കുക ഡിസംബർ 11 മുതൽ 18 വരെയാണ്.
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ലളിതകലാ അക്കാദമിക്ക് നല്ല റോൾ ഉണ്ടാകുമെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ജെൻസീ പിള്ളേർ ഉറങ്ങുന്നില്ലെന്നും, രാത്രി 2 മണി വരെ സിനിമ പ്രദർശിപ്പിച്ചാലും കാണാൻ ആളുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോർ ഹാൾ സാംസ്കാരിക വകുപ്പിന് വിട്ടുകിട്ടിയാൽ ചലച്ചിത്രമേളയുടെ സ്ഥിരം വേദി നിർമ്മിക്കാമെന്നും പി സി വിഷ്ണുനാഥ് പ്രതികരിച്ചു.

