തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കിടപ്പു രോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി. ഗോപി (76)നെയാണ് ഭാര്യ സുമതി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ ദുരവസ്ഥ കണ്ടാണ് കൃത്യം ചെയ്തതെന്ന് സുമതി മൊഴി നല്കി.
പതിനഞ്ചു വര്‍ഷമായി കിടപ്പുരോഗിയായിരുന്നു. ഭാര്യ സുമതിയെ വീടിന് സമീപത്തുള്ള കുളത്തിന്റെ കരയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ഇവരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ബോധം തെളിഞ്ഞ ശേഷം മാറനെല്ലൂര്‍ പൊലീസ് മൊഴിയെടുത്തപ്പോഴാണ് സുമതി കുറ്റം സമ്മതിച്ചത്.
പതിനഞ്ചു വര്‍ഷമായി ഒരേകിടപ്പു കിടക്കുന്ന ഭര്‍ത്താവിന്റെ ദുരിതം കണ്ടു നില്ക്കാനാവാതെ ചെയ്തതാണെന്നാണ് സുമതിയുടെ മൊഴി. സമീപത്ത് താമസിക്കുന്ന മകന് രാവിലെ അന്വേഷിച്ചെത്തിയപ്പോഴാണ് സുമതിയെ അബോധാവസ്ഥയിലും ഗോപിയെ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തിയത്.
വീട് പുതുക്കിപണിയുന്നതിനാല്‍ സമീപത്ത് നിര്‍മ്മിച്ച ചെറിയ ഒറ്റമുറി വീട്ടിലായിരുന്നു ഗോപിയും സുമതിയും താമസിച്ചിരുന്നത്. 15 വര്‍ഷമായി പക്ഷാഘാതം പിടിപെട്ട് ബുദ്ധിമുട്ടുന്ന ഗോപിയുടെ വിഷമം കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് താന്‍ കൊലപ്പെടുത്തിയതെന്ന് സുമതി നെയ്യാറ്റിന്‍കര പൊലീസിനോട് പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന സുമതിയെ കസ്റ്റഡിയിലെടുത്തു.


