ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് സമ്പന്നതയുടെ വിളനിലമായിരുന്ന, ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുഷ്കോടിയുടെ പശ്ചാത്തലത്തിൽ പുതിയ ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ശ്രീലങ്കയിലെ തലൈമന്നാറുമായി 18 മൈൽ മാത്രം ദൂരവ്യത്യാസമുള്ള ഈ പുണ്യഭൂമി, ലങ്കാധിപതി രാവണനിൽ നിന്ന് സീതാദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ രാമസേതു നിർമ്മിച്ച ഇടമെന്നാണ് പുരാണങ്ങളിൽ അറിയപ്പെടുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വാണിജ്യ വ്യവസായങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ പ്രദേശം വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളും റെയിൽവേ സ്റ്റേഷനും ആരാധനാലയങ്ങളും കൊണ്ട് സമൃദ്ധമായിരുന്നു. എന്നാൽ 1964 ഡിസംബറിലെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ആഞ്ഞടിച്ച പ്രളയത്തിലും ചുഴലിക്കാറ്റിലും ഈ പ്രദേശം എന്നെന്നേക്കുമായി കടലിൽ മറയുകയായിരുന്നു.
1964ലെ പ്രളയത്തിന്റെയും 2026 ലെ പ്രണയത്തിന്റെയും പശ്ചാത്തലത്തിൽ രണ്ടു കുടുംബങ്ങളുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്. സമ്പന്നതയുടെയും സംസ്കാരത്തിന്റെയും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കുടുംബങ്ങൾ തമ്മിലുള്ള പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം ആർ ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി കെ ബൈജു, റിയാസ് നെടുമങ്ങാട്, സിന്ധുവർമ്മ, ജോബി, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ, പഞ്ചാപകേശൻ, ദീപക് ട്വിങ്കിൾ സനൽ, അഡ്വ ബാബുരാജ്, അനിൽരാജ്, ആദർശ് ഷാനവാസ്, അൽഫിയ ഷാഫി, ഡോ അഞ്ജന രാജേഷ്, വൈഷ്ണവ്, ദേവ്ദത്ത് മനോഹരൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഗംഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജും എഡിറ്റിംഗ് അനൂപും നിർവ്വഹിക്കുന്നു. ഷാഫി റഷീദാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ എന്നിവരുടെ വരികൾക്ക് ഡി ശിവപ്രസാദ്, എ കെ താരിഖ് എന്നിവർ സംഗീതം പകർന്നിരിക്കുന്നു. വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം എ കെ താരിഖും ശബ്ദലേഖനം അലൻ സുഭാഷ്, വർഗ്ഗീസ് തോമസ്, അനുജിത് എ കെ എന്നിവരും നിർവ്വഹിച്ചിരിക്കുന്നു.
സജി ആർ പി പ്രൊഡക്ഷൻ ഡിസൈനറായും അജയഘോഷ് പരവൂർ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ച ചിത്രത്തിന് ചുവടുകൾ വെപ്പിച്ചത് സജ്ന നജാമണ്. അജി പായ്ച്ചിറ കലയും, തമ്പി ആര്യനാട് വസ്ത്രാലങ്കാരവും, ഉദയൻ നേമം ചമയവും കൈകാര്യം ചെയ്തിരിക്കുന്നു. രാജേഷ് പുഷ്പന്റെ അസ്സോസിയേറ്റ് സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ വിഎഫ്എക്സ് മഹേഷും ഡിഐ കളറിംഗ് മഹാദേവൻ ചിത്രാഞ്ജലിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ആതിര എന്റെർടെയിനേഴ്സിലൂടെ ഗംഗ പ്രൊഡക്ഷൻസ് തീയേറ്ററുകളിലെത്തിക്കുന്ന ചിത്രത്തിന്റെ പിആർഒ അജയ് തുണ്ടത്തിലാണ്.

