വയനാട് ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് എംജി സർവകലാശാല സൗജന്യ വിദ്യാഭ്യാസ അവസരമൊരുക്കും. ഇന്നലെ ചേർന്ന പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തത്. സർവകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാൻ അവസര ഏർപ്പെടുത്തും.
ദുരന്തത്തിൽ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകും. പുനരധിവാസ നടപടികളിൽ സർവകലാശാലയിലെ വിവിധ വകുപ്പുകൾ സഹകരിച്ച് പ്രവർത്തിക്കുമെന്ന് സിൻഡിക്കേറ്റ് യോഗത്തിൽ അറിയിച്ചു. 124 പേരെ ഇനിയും തിരയുന്നുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉൾപ്പെടെ 401 ഡിഎൻഎ പരിശോധനകൾ നടത്തി.
വയനാട്ടിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു. ചൂരൽമലയിലെ ദുരന്തബാധിതർക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സർവ്വകക്ഷികളുടെ നേതൃത്വത്തിൽ വാടക വീടുകൾക്കായുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. നാഷണൽ ജിയോസയൻസസ് സെൻ്ററിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധ സംഘം ഇന്നും പരിശോധന തുടരും. എൻഡിആർഎഫ്, പൊലീസ്, അഗ്നിശമന സേന, തണ്ടബോൾട്ട് തുടങ്ങിയ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇന്ന് തിരച്ചിൽ നടക്കുന്നത്.