കൊട്ടാരക്കര: മദ്യപിച്ച് വാഹനമോടിച്ച് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ വിളയാട്ടം. മറ്റു വാഹനങ്ങള്‍ ഇടിച്ചിട്ട് ഇവര്‍ കാറില്‍ പായുന്നത് തടയാനെത്തിയ പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെ നാലു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ഞായറാഴ്ച്ച അര്‍ധരാത്രി കൊട്ടാരക്കര ടൗണിലായിരുന്നു സംഭവം.മൊബൈല്‍ കണ്ട്രോള് റൂം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് ഡിവൈഎഫ് ഐ നേതാക്കള്‍ അക്രമിച്ചത്. വാഹനം തടഞ്ഞ് ഇവരെ പിടികൂടാന്‍ ശ്രമിക്കവേയാണ് ഉദ്യോഗസ്ഥരെ ഇവര്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കാന്‍ ആരംഭിച്ചത്.
ഇത് ശ്രദ്ധയില്‍പെട്ട ടൗണിലെ ഓട്ടോ തൊഴിലാളികളാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രക്ഷകരായത്. സംഭവത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ നാലു പൊലീസുകാര്‍ ചികിത്സയിലാണ്. മുന്‍പ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഉദ്യോഗസ്ഥനും പൊലീസ് സംഘത്തിലുണ്ടായിരുന്നു. തനിക്ക് അപകടം സംഭവിച്ചതാണെന്നും മര്‍ദ്ദിക്കരുതെന്നും അദ്ദേഹം കേണു പറഞ്ഞിട്ടും അക്രമികള്‍ ഇത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
പൊലീസുകാരെ അക്രമിച്ചതിന് പിന്നാലെ വെട്ടിക്കവല മൊട്ടവിള സ്വദേശികളായ താരാഭവനില്‍ എസ്.അഭിലാഷ്(31), കൊല്ലന്റഴികത്ത് വീട്ടില്‍ പി.രാജേഷ്(33), വി.എന്‍.നിവാസില്‍ നന്ദു(24), ചെങ്ങമനാട് പതിക്കോട്ട് തെക്കതില്‍ വി.വിഷ്ണു (20) എന്നിവരാണു പിടിയിലായത്. ക്രൂരമര്‍ദനമേറ്റ പൊലീസുകാരായ എം.എസ്.ഹരീഷ്(34), എസ്.സുജിത്ത്(32) എന്നിവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. എസ്ഐ സുകുമാരന്‍, ഡ്രൈവര്‍ ജയേഷ് എന്നിവര്‍ക്കും പരുക്കേറ്റു.
ചെങ്ങമനാട് ഭാഗത്തുനിന്നു കൊട്ടാരക്കരയിലേക്കു ദേശീയപാതയില്‍ കാറിലാണ് ഡിവൈഎഫ് ഐ നേതാക്കള്‍ യാത്ര ചെയ്തത്. അമിതവേഗത്തിലായിരുന്ന വാഹനം ബൈക്കുയാത്രികനെ ഇടിച്ചിട്ട ശേഷം മറ്റൊരു കാറില്‍ തട്ടി. കാര്‍ നിര്‍ത്താതെ പാഞ്ഞ വിവരം അറിഞ്ഞ കണ്ട്രോള് റൂം പൊലീസ് ഇവരെ പിന്തുടര്ന്നു. പുലമണ്ണിലെ ഹോട്ടലിനു സമീപം കാര്‍ പൊലീസ് തടഞ്ഞു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റോഡരികിലെ ഇരുമ്പുകമ്പിയില്‍ തട്ടി കാര്‍ നിന്നു. പുറത്തിറങ്ങിയ അഭിലാഷും സംഘവും കയ്യിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് വീശി പൊലീസുകാരെ ആക്രമിച്ചു. യൂണിഫോം വലിച്ചു കീറിയശേഷം മര്‍ദിച്ചു. തങ്ങളെ കുനിച്ചു നിര്‍ത്തി മുതുകില്‍ ഇടിക്കുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തതായി ഹരീഷും സുജിത്തും പൊലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്നു ഹരീഷ്. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് ഇരുമ്പ് പൈപ്പുകള്‍ കണ്ടെടുത്തു.


