പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് ഒരു യുവതികൂടി ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ന് കാലത്ത് 11.30നും 12.30നും ഇടയിലായിരുന്നു ദര്‍ശനം. ബന്ധുക്കള്‍ക്കൊപ്പം ആണ് ഇവര്‍ എത്തിയത്.
48 വയസുള്ള തമിഴ്നാട് സ്വദേശിനി സിങ്കാരി ശ്രീനിവാസനാണ് ദര്‍ശനം നടത്തിയതായി ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇവര്‍ എത്തിയത് ആരും അറിയാത്തതിനാല്‍ പ്രതിഷേധവും ഉണ്ടായില്ല. പൊലീസിന്റെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്താണ് സിങ്കാരി ദര്‍ശനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 9ന് പമ്പയിലെത്തിയ ഇവര്‍ ദര്‍ശനത്തിന് ശേഷം വൈകിട്ടോടെ തിരിച്ച് പോയി. വെര്‍ച്വല്‍ അപേക്ഷയില്‍ 48 വയസാണെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ പൊലീസ് സംഭവം സ്ഥിരീകരിച്ചിട്ടില്ല.

