സംസ്ഥാനത്തെ പൊലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പിവി അൻവർ എംഎൽഎ. വിശ്വസിച്ച് ഏൽപ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണ്. സർക്കാരിനെ തകർക്കാൻ ചില ലോബികൾ ശ്രമിക്കുന്നു. തുറന്നു പറഞ്ഞത് ലക്ഷക്കണക്കിന് പാർട്ടിക്കാർ പറയാൻ ആഗ്രഹിച്ചതാണ്.
താൻ കീഴടങ്ങിയത് ദൈവത്തിനും പാർട്ടിക്കും മുന്നിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളില്‍ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയെ സന്ദര്‍ശിച്ച് രേഖാമൂലം പരാതി നല്കിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്ക് നൽകിയ പരാതി തന്നെയാണ് പാർട്ടി സെക്രട്ടറിക്കും നൽകിയത്. തന്നെ എലിയായി വ്യാഖ്യാനിക്കുന്നവരുണ്ട്. എലി മോശക്കാരനല്ല. വീട്ടിലൊരു എലിയുണ്ടെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാവും. കീഴടങ്ങി, മുങ്ങി, എലിയായി, പൂച്ചയായി എന്നെല്ലാം പറയുന്നവരുണ്ട്. അത് നടക്കട്ടെ. താൻ പരാതിയുമായി മുന്നോട്ട് പോകും. ഇതൊരു അന്തസ്സുള്ള പാർട്ടിയാണ്. അന്തസ്സുള്ള ഗവൺമെന്റും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്.പൊലീസിലെ ക്രിമിനലുകള്‍ക്കെതിരേ തെളിവുകളുടെ സൂചനാ തെളിവുകളാണ് താന്‍ നല്‍കിയതെന്നും അത് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സംഘമാണെന്നും അന്‍വര്‍ പറഞ്ഞു. കേരളാ പോലീസ് രാജ്യത്തെ തന്നെ ഒന്നാം നമ്പര്‍ പൊലീസാണെന്നും അതിനാല്‍ അതിലെ പുഴുക്കുത്തുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടവരും ഒന്നാംതരമായിരിക്കുമെന്നു പ്രതീക്ഷയുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പൊലീസ് വികലമായാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി തിരുത്തിയതിനു പിന്നാലെ തന്നെ എന്തുകൊണ്ട് അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നു. ഈ അന്വേഷണങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാന്‍ തുടങ്ങിയിട്ടേയുള്ളു. നടപടികള്‍ ഉണ്ടാകട്ടെ.


