തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടി തികച്ചും അപ്രതീക്ഷിതവും ‘അനർഹമായ പരാജയവുമാണെന്ന്’ സിപിഎം നേതാവ് എം സ്വരാജ്. ഭരണതലത്തിൽ സമഗ്രമായ മുന്നേറ്റം കാഴ്ചവെച്ചിട്ടും അത് വോട്ടായി മാറിയില്ലെന്നും നാടിന്റെ ഭാവിയേക്കാൾ ഉപരിയായി വോട്ടർമാരുടെ ചില അരാഷ്ട്രീയ ചിന്തകളാണ് ഫലത്തെ സ്വാധീനിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നാടിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളോ വികസനമോ തെരഞ്ഞെടുപ്പിൽ ചർച്ചയായില്ലെന്ന് സ്വരാജ് വിലയിരുത്തുന്നു. ‘രണ്ടു തവണ ഇവർ ഭരിച്ചല്ലോ, ഇനി ഒരു തവണ അവർ ഭരിക്കട്ടെ’ എന്ന രീതിയിലുള്ള ലാഘവബുദ്ധിയോടെയുള്ള വോട്ടർമാരുടെ സമീപനം തിരിച്ചടിയായി. പത്തു കൊല്ലം മുമ്പുള്ള കേരളത്തിന്റെ അവസ്ഥ പലരും മറന്നുപോയതാവാം ഇത്തരമൊരു മാറ്റത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.


