നിലമ്പൂർ: പിവി അൻവറിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി യുഡിഎഫിൽ ഉടലെടുത്ത തർക്കം നേതാക്കളെ വിട്ട് അണികളിലേക്കും കടന്നു. ഇതോടെ പ്രചരണ രംഗത്ത് ലീഗ് അണികളുടെ വിട്ടുനൽ തുടരുകയാണ്. ലീഗ് നേതൃത്വത്തെ പ്രതിപക്ഷ നേതാവടക്കമുള്ള ചില കോൺഗ്രസ് നേതാക്കൾ പൊതു സമൂഹത്തിനുമുന്നിൽ അപഹാസ്യരാക്കിയെന്ന് വിവിധ പ്രാദേശിക നേതൃത്വങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അൻവർ വിഷയത്തിൽ അടക്കം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് ലീഗിൻറെ വിശദീകരണം.
അൻവർ വിഷയത്തിൽ അടക്കം മുതിർന്ന കോൺഗ്രസ് നേതാക്കളെ അവഗണിച്ചുകൊണ്ടാണ് സതീശൻ തീരുമാനങ്ങൾ എടുത്തത്. ഇത് പലപ്പോഴും യുഡിഎഫിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ ആക്കി, ഒട്ടുവിൽ കൈവിട്ടുപോയി എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സംഭവം വിവാദമാവുകയും അധിക്ഷേപം തുടരുകയും ചെയ്തതോടെ തെരഞ്ഞെടുപ്പിന്റെ പ്രധാന കൺവെൻഷനിൽ നിന്ന് തന്നെ തങ്ങളും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള പ്രമുഖർ വിട്ടുനിന്നു.
ഇതിന് പിന്നാലെയാണ് വി ഡി സതീശന്റെ നിർദ്ദേശപ്രകാരം ചില ഗ്രൂപ്പ് മാനേജർമാർ പാണക്കാട് എത്തിയത്. എന്നാൽ ഇവിടെയും ഉദ്ദേശിച്ച എളുപ്പത്തിൽ മഞ്ഞുരുകൽ ഉണ്ടായില്ല. തുടർ കൺവെൻഷനുകളിൽ പങ്കെടുക്കുന്ന അറിയിപ്പ് മാത്രമാണ് ഇവിടുന്ന് ലഭിച്ചത്.
മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ ലീഗ് കോൺഗ്രസ് ബന്ധം സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചാണ് തുടർന്നുവരുന്നത്. പിതാവും പുത്രനും പാണക്കാട്ടെ തങ്ങന്മാരെയും ലീഗ് നേതാക്കളെയും അധിക്ഷേപിച്ചു തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകളായി. ഇതൊക്കെ അടക്കമുള്ള ആക്ഷേപങ്ങൾ ഒരു വിഭാഗം ലീഗുകാരും എൽഡിഎഫ് കാരും ചേർന്ന് കുത്തിപ്പൊക്കി തുടങ്ങി. മഴക്കിടയിൽ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിലേക്ക് അടുക്കുമ്പോൾ അകത്തും പുറത്തും ഉള്ള വിഷപ്പാമ്പുകളെ കൊണ്ട് കടുത്ത പ്രതിസന്ധിയിലാണ് യുഡിഎഫ്