മുഖ്യമന്ത്രി പിണറായി വിജയന് പി ആര് ഏജന്‍സിയുടെ ആവശ്യമില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മാധ്യമങ്ങള്‍ തന്നെ മുഖ്യമന്ത്രിക്ക് പിആര്‍ നല്‍കുന്നുണ്ട്. മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സിയുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പി ആര് വഴി മുഖ്യമന്ത്രി അഭിമുഖം തന്ന അനുഭവമുണ്ടോ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
കെടി ജലീലിന്റെ പുസ്തക പ്രകാശന ചടങ്ങ് വിവാദം മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്. അദ്ദേഹത്തിന്റെ പിറകെനടന്നിട്ട് നിങ്ങൾ പ്രതീക്ഷിക്കുന്ന ഒന്നും കിട്ടിയില്ലലോയെന്നും ബ്രിട്ടാസ് പരിഹസിച്ചു. കെടി ജലീൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും എന്നതിനോട് ശക്തമായ വിയോജിപ്പാണുള്ളത് പത്തരമാറ്റോടെ ജലീൽ തിളങ്ങേണ്ട സമയമാണിത്. ഇടതുപക്ഷത്തെ ശക്തനായ പോരാളിയായ അദ്ദേഹത്തിന്റെ ചടങ്ങിൽ പങ്കെടുക്കാനായത് അംഗീകാരമാണ്. പുസ്തക പ്രകാശനത്തിന് ഇത്രയധികം മാധ്യമങ്ങൾ വന്നതിന് വേറെ എന്തൊക്കെയോ കാരണങ്ങൾ ഉണ്ട്, കേരളത്തിലെ മതനിരപേക്ഷ ചേരിയിലെ ശക്തനായ പോരാളിയാണ് കെടി ജലീൽ. മത മൈത്രിയുടെ അടിക്കുറിപ്പാണ് അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേരെന്നും ജോൺബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.
ഇടത് സ്വതന്ത്ര എം എല്‍ എ കെ ടി ജലീലിന്റെ ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളില്‍ ബ്രിട്ടാസ് പ്രതികരിച്ചത്.