തിരുവനന്തപുരം : രാജ്യത്ത് രണ്ടാം കൊവിഡ് തരംഗത്തിൻ്റെ തീവ്രത മറ്റ് സംസ്ഥാനങ്ങളില്‍ അവസാനിക്കുമ്പോളും കേരളത്തില്‍ രോഗവ്യാപനം കാര്യമായി കുറയുന്നില്ല. അതിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച തോതില്‍ കുറയാത്തതിനാല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല.
ടി പി ആറിൻ്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഓരോ ആഴ്ചയും വിലയിരുത്തലുകളും നടത്തിയിരുന്നു. എന്നാല്‍ ടി പി ആര് 15ല്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിലപാട്. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാവും.
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ടിപിആര്‍ പത്തിന് മുകളില്‍ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. കൂടാതെ 24 തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ ടിപിആര്‍ കുറയാത്തതും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാലും നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണെങ്കിലും മരണ നിരക്ക് കുറയാത്തത് സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.


