ആറ്റിങ്ങൽ: നഗരസഭ 7-ാം വാർഡിൽ 12 വയസ്കാരിക്കും, 26-ാം വാർഡിൽ 49കാരനുമാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്. ഏഴാം വാർഡിൽ കഴിഞ്ഞ ദിവസം രോഗബാധിതയായ 43 കാരിയുടെ മകൾക്കാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്. ഈ മാസം 5 ന് വലിയകുന്ന് ആശുപത്രിയിൽ പരിശോധനക്ക് വിധേയ ആവുകയും ഇന്ന് രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. തുടർന്ന് കുട്ടിയെ വീട്ടിൽ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായും നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
രോഗബാധിതനായ രണ്ടാമൻ കോട്ടയം വാകത്താനം പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. നിലവിൽ ഇദ്ദേഹം ഡെപ്യൂട്ടേഷനിൽ തിരുവനന്തപുരം ലൈഫ് മിഷനിൽ ജോലി ചെയ്യുന്നു. ഈ മാസം 2 നാണ് അവസാനമായി ജോലി ചെയ്തത്. തുടർന്ന് ഹോം ക്വാറന്റൈനിൽ പ്രവേശിക്കുകയും 3 ന് വലിയകുന്ന് ആശുപത്രിയിൽ ആർ.റ്റി.പി.റ്റി.ആർ ടെസ്റ്റ് നടത്തുകയും ഇന്ന് രോഗം സ്ഥിതീകരിക്കുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ അകത്തുമുറി എസ്.ആർ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നഗരസഭ ജെ.എച്ച്.ഐ മാരായ മഞ്ചു, അഭിനന്ദ് എന്നിവരുടെ നേതൃത്വത്തിൽ വീടും പരിസരവും അണുവിമുക്തമാക്കി.
കഴിഞ്ഞ ദിവസം ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് നഗരസഭയുടെ നിർദ്ദേശ പ്രകാരം അടച്ചിട്ട ആദിത്യ ഗ്രൂപ്പ് എന്ന സ്ഥാപനത്തിലെ കൂടുതൽ ജീവനക്കാരുടെയും പരിശോധന ഫലം പൊസിറ്റീവ്. മുദാക്കൽ, ഇളമ്പ, മണമ്പൂർ, വക്കം, കടക്കാവൂർ, ഭജനമഠം, വർക്കല, പരവൂർ, കാരേറ്റ്, കല്ലറ എന്നിവിടങ്ങളിലായുള്ള പതിനാറോളം ജീവനക്കാർക്കാണ് അടുത്ത ദിവസങ്ങളിലും ഇന്നുമായി രോഗം സ്ഥിതീകരിച്ചത്. ഏകദേശം നാൽപതോളം പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ബാക്കിയുള്ളവരെയും അതാത് പി.എച്ച്.സി സെന്റെറിൽ പരിശോധനക്കുള്ള സംവിധാനം ഒരുക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. രോഗം സ്ഥിതീകരിച്ചവരിൽ ആരും തന്നെ ആറ്റിങ്ങൽ നഗരത്തിനുള്ളിൽ താമസിക്കുന്നവരല്ല എന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു. സാമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ആഴ്ചയിൽ ഇവിടം സന്ദർശിച്ചവർക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉണ്ടായാൽ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ അറിയിച്ചു.


