1900 അടി ഉയരത്തില്‍ ‘കൈവിട്ട’ വെഡ്ഡിങ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതോടൊപ്പം രോഷം നിറയ്ക്കുകയാണ്. 1900 അടി ഉയരത്തിലുള്ള മലമുകളിലെ വിറ്റാക്കര്‍ പോയിന്റ് എന്നറിയപ്പെടുന്ന കൂറ്റന്‍ പാറയുടെ മുകളില്‍ നിന്നുള്ള ഫോട്ടോഷൂട്ടാണ് വൈറലായത്.
അമേരിക്കയിലെ ആര്‍ക്കാന്‍സസിലുള്ള മൗണ്ടന്‍ ഹോം സ്വദേശികളായ റയാന് മേയേഴ്സ്, സ്കൈ എന്നിവരുടേതായിരുന്നു വെഡ്ഡിങ് ഫോട്ടോഷൂട്ട്. വിവാഹവസ്ത്രം ധരിച്ച്, പാറയുടെ തുമ്പത്ത്, വരന്റെ കൈവിട്ട് പിന്നിലേക്ക് ആഞ്ഞു നില്‍ക്കുകയാണ് വധു.
ചിത്രം വൈറലായതോടെ പലകോണില്‍ നിന്നും രോഷം ശക്തമായി. എന്നാല്‍ എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയായിരുന്നു ഈ ഫോട്ടോഷൂട്ട്. ഹൈക്കിങ് വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ ചുറ്റിലുമുണ്ടായിരുന്നു. ഏറെ വൈറലായ ‘കൈവിട്ട’ ചിത്രം ഒരു കയറിന്റെ സഹായത്തോടെയാണ് ചിത്രീകരിച്ചതെന്നും സംഘം വ്യക്തമാക്കുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ ആഘോഷത്തെ ബാധിച്ചതോടെയാണ് സാഹസികത നിറഞ്ഞ ഈ ഫോട്ടോഷൂട്ടിന് ദമ്പതികള്‍ തയാറെടുത്തത്. ഏതായാലും ചിത്രങ്ങള്‍ ലോകമെങ്ങും വൈറലായതിന്റെ സന്തോഷത്തിലാണ് ഇവര്‍.