എറണാകുളം: കോളജ് വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴിയിലാണ് സംഭവം. മരിച്ച രണ്ടുപേരും കണ്ണൂര്‍ സ്വദേശികളാണ്. കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി വി മാനസ (24) ആണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയായ രാഹിനാണ് മാനസയെ കൊലപ്പെടുത്തിയത്.
നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച മാനസ. കൂട്ടുകാരികള്‍ക്കൊപ്പം കോതമംഗലത്തു വാടക വീട്ടില്‍ താമസിച്ചിരുന്ന മാനസയെ രാഹിന് വീട്ടില്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഇയാള്‍ മാനസയെ കൊലപ്പെടുത്തുന്നതിനായി കണ്ണൂരില്‍നിന്ന് എറണാകുളത്ത് എത്തിയതെന്നാണ് വിവരം.
വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ വന്ന ഇയാളെ കണ്ട് നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോള്‍ രാഹിന് പെണ്‍കുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോകുകയും അവിടെവച്ച് വെടിവയ്ക്കുകയും ആയിരുന്നു. ആളുകള്‍ മുറി തുറന്ന് അകത്ത് കടന്നപ്പോള്‍ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. പൂര്‍വ വൈരാഗ്യമാണ് കാരണമെന്നാണ് കരുതുന്നത്. മാനസയുടെ ഫോണ്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് കൂടുതല്‍ നടപടിയ്ക്ക് ഒരുങ്ങിയത്. പ്രതിയുടെ ബന്ധുവായ പൊലീസുകാരൻ്റെ സ്വാധീനത്താലാണ് പൊലീസ് കേസെടുക്കാതിരുന്നതെന്ന് ആരോപണമുണ്ടായിരുന്നു.


