ഇരിട്ടി: കണ്ണൂർ ആറളം പയോറ ഏച്ചില്ലത്ത വീട്ടമ്മയായ കുന്നുമ്മല്‍ രാധ (56) യെ വീട്ടിനുള്ളില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. രാധയുടെ സഹോദരിയുടെ ഭര്‍ത്താവ് ചാക്കാട് സ്വദേശി പി.പി.സജീവ (48) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്ടെ പേരിൽ പിടിച്ചുപറി ഉള്‍പ്പെടെ 15 ഓളം കേസ് നിലവിലുണ്ട്. വീട്ടമ്മ ഒന്നും പറയാത്തതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവാതെ വിഷമിക്കുകയായിരുന്നു പോലീസ്. കഴിഞ്ഞ 18ന് രാത്രി ഒന്പതോടെയായിരുന്നു സംഭവം. ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ സജീവനെ കസ്റ്റഡിയില്‍ എടുത്ത ശേഷം വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ സജീവന് തന്നെയാണ് ആക്രമിച്ചതെന്നും തന്റെയും മകളുടെയും സുരക്ഷ ഓര്‍ത്താണ് പേര് പറയാതിരുന്നതെന്നും അവർ മൊഴി നല്‍കിയിരുന്നു.
ബാത്ത് റൂമില്‍ പോയി തിരികെ മുറിയിലേക്ക് വരുമ്പോൾ ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടമ്മ മൊഴി തിരുത്തി. ഇതോടെ സജീവന്റെ അറസ്റ്റ് പോലീസ് രേഖപെടുത്തി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ദുരൂഹത തുടരുന്നതിനിടയില്‍ വീട്ടമ്മയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. താടിയെല്ല് വിട്ട് പോയിതിനാല്‍ ക്ലിപ്പ് ഇടാനാണ് സര്‍ജറി നടത്തിയത്. ആദ്യം കവര്ച്ചക്കിടയിലാണെന്നും പിന്നീട് മൂന്ന് തവണ ചോദ്യം ചെയ്തപ്പോഴും വീണാതാണെന്നും വ്യത്യസ്ത മൊഴി നല്കിയതിനാല് അക്രമി രാധക്ക് അറിയാവുന്ന ആളാണെന്നാണ് പോലീസ് ആദ്യം തന്നെ മനസിലാക്കി. രാധയുടെ സഹോദരിയുടെ മകന് ഓണ്‍ലൈന്‍ വഴി വാങ്ങി സൂക്ഷിച്ച വെയിറ്റ്ബാര് ഉപയോഗിച്ചാണ് അക്രമം എന്നതിനാലും വീടുമായി അടുപ്പമുള്ളവരാണ് അക്രമത്തിന് പിന്നിലെന്നും പോലീസ് ഊഹിച്ചു.


