കുട്ടിയെ തട്ടിയെടുത്ത് ദത്ത് നല്കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിയിലെ രേഖകള്‍ പരിശോധിക്കും. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും. സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്റെ മൊഴി വനിതാ- ശിശു വികസന ഡയറക്ടര്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു.
കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയായ അനുപമയുടെ അച്ഛന് ജയചന്ദ്രന്, അമ്മ സ്മിത ഉള്‍പ്പെടെ ആറു പേരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. ജാമ്യാപേക്ഷയില്‍ പോലീസ് നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അനുപമ വനിതാ ശിശു വികസന വകുപ്പിനു മൊഴി നല്‍കിയിരുന്നു. ഷിജുഖാന്റെ സുഹൃത്തും ശിശുക്ഷേമ സമിതി മുന്‍ ജീവനക്കാരനുമായ ശശിധരനു കാര്യങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഇയാളുടെ മൊഴി പ്രത്യേകം രേഖപ്പെടുത്തണമെന്നും അനുപമ ആവശ്യപ്പെട്ടു.


