ആലുവ മോഫിയ ആത്മഹത്യ കേസില്‍ ആരോപണ വിധേയനായ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാത്രിയിലും സമരം തുടര്‍ന്ന് കോണ്‍ഗ്രസ്. സിഐ സുധീറിനെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കരുതെന്ന് മോഫിയയുടെ കുടുംബം ഉള്‍പ്പെടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്.
ബുധനാഴ്ച രാവിലെയാണ് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ സമരം ആരംഭിച്ചത്. ബെന്നി ബെഹനാന് എംപി, അങ്കമാലി എംഎല്‍എ റോജി ജോണ്‍ അടക്കമുള്ളവരും രാത്രിയിലടക്കം സ്റ്റേഷന് മുന്നില്‍ ഉപരോധ സമരത്തിനിരുന്നു. ഇന്നലെ ജനപ്രതിനിധികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകരെ പൊലീസ് വലിച്ചിഴച്ച് ബസില്‍ കയറ്റി. എന്നാല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
രാവിലെ 10 മണിക്ക് റൂറല്‍ എസ്പി ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മോഫിയയുടെ മാതാവ് സമര സ്ഥലത്ത് എത്തി കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നു. ഏറെ വൈകാരിക നിമിഷങ്ങള്‍ക്കാണ് ഇത് സാക്ഷ്യം വഹിച്ചത്. എന്റെ മകള്‍ ഈ പൊലീസ് ഉദ്യോഗസ്ഥനെ കാണാന്‍ വന്നത് പ്രതീക്ഷയോടെയാണ്. പക്ഷേ, കേള്‍ക്കേണ്ടി വന്നത് മറ്റൊന്നാണ്. അതിന്റെ മാനസിക വിഷമത്തിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് മോഫിയയുടെ മാതാവ് പറഞ്ഞതായി ബെന്നി ബെഹനാന് പറഞ്ഞു.
അതേസമയം, മോഫിയ പര്വീന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, സുഹൈലിന്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും, കൂടുതല്‍ ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
ആരോപണ വിധേയനായ ആലുവ സിഐ സിഎല്‍ സുധീറിനെ സ്ഥലം മാറ്റുകയാണ് അധികൃതര്‍ ചെയ്തത്. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. ഡിഐജി തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.
മോഫിയയുടെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മിഷന് അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്കാന് ആലുവ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്കി. കേസ് ഡിസംബര്‍ 27ന് പരിഗണിക്കുമെന്ന് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.


