കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ ഭര്‍തൃഗൃഹത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കൊല്ലം എന്‍ഫോഴ്സ്മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു
കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. വിസ്മയയെ ഭര്‍ത്താവ് കിരണിന്റെ മാതാവും മര്‍ദിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കിരണിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം കേസെടുത്തു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലാണ് വിസ്മയയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം പല തവണ സ്ത്രീധനത്തെ ചൊല്ലി വഴക്കുനടന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ വച്ച് മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും ഇത് സൂചിപ്പിക്കുന്ന മെസേജുകളും വീട്ടുകാര്‍ക്ക് വിസ്മയ അയച്ചു കൊടുത്തിരുന്നു. സംഭവം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.


