കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. 25 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും 12 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസ്. അന്യായമായി സംഘം ചേര്‍ന്നതിനും കൗണ്‍സിലര്‍മാരെ തടഞ്ഞു നിര്‍ത്തിയതിനുമാണ് ടൗണ്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ശനിയാഴ്ച ചേര്‍ന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് കേസ്, അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിന് മേയര്‍ അനുമതി നിഷേധിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. തുടര്‍ന്ന് പുറത്തുനിന്ന് വന്ന എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകരും കൗണ്‍സില്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് അത് സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു.
അതിനിടെ, യുഡിഎഫ് കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ച എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ കോര്പ്പറേഷന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.


