കോട്ടയത്തെ പത്തൊന്‍പതുകാരനായ യുവാവിന്റെ കൊലപാതകത്തിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കൊലയ്ക്ക് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂരമര്‍ദനമെന്ന് പൊലീസ് പറയുന്നു. ഷാന്‍ ബാബുവിന്റെ ദേഹത്ത് മര്‍ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. കാപ്പിവടി കൊണ്ടാണ് ഷാനിനെ മര്‍ദിച്ചതെന്ന് പ്രതി ജോമോന് മൊഴി നല്കി. ഷാനെ വിവസ്ത്രനാക്കിയും മര്‍ദിച്ചു. മൂന്ന് മണിക്കൂറുകളോളം ക്രൂരമര്‍ദനം തുടര്‍ന്നു.
ഷാനിന്റെ കണ്ണില്‍ വിരലുകള്‍കൊണ്ട് ആഞ്ഞു കുത്തിയതായും ജോമോന് മൊഴി നല്കി. തലച്ചോറിലെ രക്തസ്രാവമാണ് ഷാന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ശരീരത്തിന്റെ പിന്‍ഭാഗത്തും അടിയേറ്റ നിരവധി പാടുകള്‍ ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ഷാന്‍ കൊലപാതക കേസില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികളുണ്ടെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഇതില്‍ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. 13 പേര് ഇവര്‍ക്ക് സഹായം ചെയ്തു. തട്ടിക്കൊണ്ടു പോയ ഓട്ടോയും കസ്റ്റഡിയിലെടുത്തു. കൊല്ലാന്‍ വേണ്ടി തന്നെയാണ് ഷാനെ തട്ടിക്കൊണ്ടു പോയതെന്നും പൊലീസ് കണ്ടെത്തി. ഷാനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച സ്ഥലങ്ങളും തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ഷാന്‍ ബാബുവിനെതിരെ കഞ്ചാവ് കടത്തിന് കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
2021 ജനുവരിയില്‍ 30 കിലോ കഞ്ചാവ് കടത്തിയതിന് വാളയാറില്‍ വച്ചാണ് ഷാന്‍ പിടിയിലായത്. കേസില്‍ മറ്റു 3 പ്രതികളെ പിടികൂടാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പൊലീസ്. നിലവില്‍ പ്രതികളെ ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ ചോദ്യം ചെയ്തു വരികയാണ്.
ഇന്നലെ പുലര്‍ച്ചെയാണ് ഷാനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലിട്ടത്. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട കെ.ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യല്‍ തുടരുകയാണ്. അതിരാവിലെ ഷാന്‍ ബാബുവിന്റെ മൃതദേഹം തോളിലേറ്റി ജോമോന് വരുന്നത് പൊലീസ് കണ്ടിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. താന്‍ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഉടന്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.


