ഗാന്ധിനഗര്‍: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യക്ക് ഭര്‍ത്താവും ബന്ധുക്കളും ചേർന്ന് അതിക്രൂരമായി മർദിച്ചു. യുവതിയെ അവശയാക്കിയശേഷം വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് നഗ്നയാക്കി. തുടര്‍ന്ന് ഭര്‍ത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിക്കുകയും ചെയ്യിപ്പിച്ചു. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
യുവതി മറ്റൊരാളുമായി ഒളിച്ചോടിയത് അറിഞ്ഞ ഭര്‍ത്താവും ബന്ധുക്കളും മണിക്കൂറുകള്‍ക്കകം യുവതിയെ പിടികൂടി ഗ്രാമത്തിലെത്തിച്ചു. തുടര്‍ന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ചേര്‍ന്ന് ശിക്ഷിക്കുകയായിരുന്നു. ഭര്‍ത്താവാണ് ഇതിന് നേതൃത്വം നല്‍കിയത്. കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ മുന്നില്‍ വച്ചാണ് യുവതിയെ മര്‍ദ്ദിച്ചതും നഗ്നയാക്കിയതും. ചില സ്ത്രീകള്‍ യുവതിക്ക് ചുറ്റും നിന്ന് അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും സംഘവും അവര്‍ക്കുനേരെയും അക്രമം നടത്തുകയായിരുന്നു.
പൊലീസ് കേസ് എടുത്ത് ഭര്‍ത്താവുള്‍പ്പടെ പതിനെട്ടുപേരെ അറസ്റ്റുചെയ്തു. സ്ത്രീയെ മര്‍ദ്ദിച്ചതിനും അപമാനിച്ചതിനും പുറമേ സംഭവത്തിൻ്റെ വീഡിയോ ഷൂട്ടുചെയ്ത് പ്രചരിപ്പിച്ചതിന് ഐ ടി നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.