കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ പോക്സോ കേസ്. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വിനോദ് കുമാര്‍ ഒളിവിലാണെന്നാണ് വിവരം. കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നല്‍കിയത്. ഇവരെയും പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.
തൃക്കാക്കര കൂട്ടബലാത്സംഗക്കേസിനും അമ്പലവയല്‍ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിനും പിന്നാലെയാണ് പൊലീസ് സേനയ്ക്കാകെ നാണക്കേടായി കോഴിക്കോട്ടും പോക്സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് പ്രതിയാകുന്നത്. തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്.സുനുവിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. വയനാട്ടില്‍ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിനെ ഇതുവരെയും പിടികൂടാനായിട്ടില്ല.


