കണ്ണൂര്‍: ഭര്‍ത്താവിൻ്റെ സുഹൃത്തിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച ബാങ്ക് ജീവനക്കാരി അറസ്റ്റില്‍. കേരള ബാങ്ക് കണ്ണൂര്‍ ശാഖ ജീവനക്കാരി എന്‍.വി.സീമയാണ് (52) അറസ്റ്റിൽലായത്. ചെറുതാഴം ശ്രീസ്ഥ അതിയടത്തെ കരാറുകാരന് സുരേഷ് ബാബുവിനെ (55) വെട്ടിപ്പരുക്കേല്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
പൊലീസ് ഉദ്യോഗസ്ഥനായ സീമയുടെ ഭര്‍ത്താവിൻ്റെ കൂട്ടുകാരനും അയല്‍വാസിയുമാണ് കെട്ടിട നിര്‍മാണ കരാറുകാരനായ സുരേഷ് ബാബു. ഇയാളെ ആക്രമിക്കാന്‍ മൂന്ന് ലക്ഷം രൂപയാണ് സീമ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നതിലും, കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിലുമുള്ള വിരോധമാണ് ക്വട്ടേഷന്‍ നല്കാന് കാരണം.
ഏപ്രില്‍ 18ന് ഇയാളുടെ വീട്ടില്‍ കാറിലെത്തിയ നാലംഗ സംഘം സുരേഷ് ബാബുവിനെ വെട്ടി മുറിവേല്‍പ്പിക്കുകയായിരുന്നു. സീമ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ജില്ലാ കോടതി തള്ളിയതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ്. സംഭവത്തില്‍ രണ്ട് പേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.


