പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ മാസം 14 നാണ് കോവളത്തെ ഗസ്റ്റ് ഹൗസിലേക്ക് തന്നെ കൊണ്ടുപോയതെന്നും പിഎയുടേയും സുഹൃത്തിന്റേയും മുന്നില്‍ വച്ചാണ് എല്‍ദോസ് തന്നെ മര്‍ദ്ദിച്ചതെന്നുമാണ് ഇവര്‍ നല്കിയ മൊഴി. തന്നെ ആക്രമിച്ചതിന് പിഎയും സുഹൃത്തും ദൃക്സാക്ഷികളാണെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ പിഎ ഡാനി പോളിനെയും, സുഹൃത്ത് ജിഷ്ണുവിനേയും ക്രൈംബ്രാഞ്ച് വിളിപ്പിക്കാന്‍ തീരുമാനിച്ചു. ഇരുവരുടേയും ഫോണുകള്‍ സ്വിച്ച്ഡ് ഓഫാണെന്നാണ് പൊലീസ് അറിയിക്കുന്നത്. മൊഴി പരിശോധിച്ച പൊലീസ്, ഗസ്റ്റ് ഹൗസില്‍ എംഎല്‍എ മുറിയെടുത്തിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചു. എംഎല്‍എക്കെതിരായ തെളിവുകള്‍ ക്രൈം ബ്രാഞ്ച് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. എം.എല്‍.എയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയതായാണ് വിവരം.
എന്നാല്‍ പരാതി വന്നതോടെ കഴിഞ്ഞ രണ്ട് ദിവസമായി എംഎല്‍എ ഒളിവിലാണ്. ശനിയാഴ്ച്ചയാണ് എംഎല്‍എയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. യുവതി മജിസ്ട്രേറ്റിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി റിപ്പോര്‍ട്ട് പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും.
ഇതിനിടയില്‍ വിശദീകരണവുമായി എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് എല്‍ദോസ് കുന്നപ്പിള്ളില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.


