ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി വരാന്തപ്പതിപ്പ് എഡിറ്റർ. കള്ളൻ വിജയൻ ലേഖനത്തിൽ പാർട്ടി വിരുദ്ധതയില്ല. അനുയോജ്യമായ തലക്കെട്ട് ആണ് നൽകിയത്. തെറ്റുണ്ടെങ്കിൽ തിരുത്താമെന്നും കെ ആർ അജയൻ വ്യക്തമാക്കി. ഇന്ന് നാല് മണിക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് കാരണം കാണിക്കൽ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലേഖനത്തിന്റ പേരിൽ അനാവശ്യ വിവാദം ഉണ്ടാക്കി എന്നാണ് കുറ്റം.
വിവാദ ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും വിമർശനമുണ്ട്. വിവാദം മാധ്യമങ്ങളെ അറിയിച്ചെന്നും കാരണം കാണിക്കൽ നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.വിഎസ് അച്യുതാനന്ദന്റെ അനുസ്മരണം ഉള്‍പ്പെടുത്തിയുള്ള വാരാന്തപ്പതിപ്പിലാണ് കള്ളന് വിജയന് എന്ന തലക്കെട്ടിലുള്ള ലേഖനവും ഇടംപിടിച്ചത്.
ഈ തലക്കെട്ടിനെച്ചൊല്ലി ദേശാഭിമാനിയില്‍ അഭിപ്രായ ഭിന്നത ഉണ്ടാകുകയും തുടര്‍ന്ന്, വാരാന്തപ്പതിപ്പ് വിതരണം ചെയ്യുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയുമായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് വാരാന്തപ്പതിപ്പ് വിതരണം തിങ്കളാഴ്ചത്തേക്ക് മാറ്റിയതെന്നായിരുന്നു എഡിറ്റര്‍ എം സ്വരാജ് വിശദീകരിച്ചത്.
ലേഖകന്‍ എഴുതി നല്കിയ കള്ളന് വിജയന് എന്ന പേരിലുള്ള ലേഖനം, തലക്കെട്ട് മാറ്റുക പോലും ചെയ്യാതെ അച്ചടിക്കാനായി പ്രസിലേക്ക് വിട്ടു. ദേശാഭിമാനിയിലെ തര്‍ക്കം പുറത്തറിയിച്ച് വിവാദമാക്കി എന്നീ കാര്യങ്ങളാണ് നോട്ടീസില്‍ അജയനെതിരെ ആരോപിച്ചിട്ടുള്ളത്. തിങ്കളാഴ്ച പുറത്തിറങ്ങിയ വിഎസിന്റെ അനുസ്മരണം അടങ്ങിയ വാരാന്തപ്പതിപ്പില്‍ നിന്നും ‘കള്ളന് വിജയന്’ ലേഖനം പുറത്താകുകയും ചെയ്തിരുന്നു.


