ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 20 ന് വിധി പറയാന്‍ മാറ്റി. അതിനിടെ എല്‍ദോസ് എംഎല്‍എ ഒളിവില്‍ അല്ലെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. ഏത് സമയവും കോടതിക്ക് മുമ്പില്‍ ഹാജരാകാന്‍ തയ്യാറാണ്. എല്‍ദോസിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതെന്നാണ് എല്‍ദോസ് ആരോപിക്കുന്നത്. നിരവധി പേര്‍ക്ക് എതിരെ പീഡന പരാതി ഉന്നയിച്ച് പണം തട്ടിയയാളാണ് പരാതിക്കാരിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകന് വാദിച്ചു. പരാതിക്കാരി പ്രതിയും വാദിയുമായ കേസുകളുടെ രേഖകള്‍ എല്‍ദോസിന്റെ അഭിഭാഷകന് കോടതിയില്‍ ഹാജരാക്കി.
10 കേസുകളുടെ രേഖകളാണ് എല്‍ദോസിന്റെ അഭിഭാഷകന് കോടതിയില്‍ നല്‍കിയത്. പരാതിക്കാരിക്കെതിരെ ഇതിനകം രണ്ട് അറസ്റ്റ് വാറണ്ടുണ്ടെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. കോവളത്ത് വെച്ച് ആക്രമിച്ചുവെന്ന് പറയുന്ന 14 ന് പൊലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. അന്നൊന്നും ഇത്തരമൊരു പരാതി ഉന്നയിച്ചിരുന്നില്ലെന്നും എല്‍ദോസിന്റെ അഭിഭാഷകന് വാദിച്ചു. അടുത്ത ദിവസമാണ് വൂണ്ട് സര്‍ട്ടിഫിക്കറ്റ് ആശുപത്രിയില്‍ നിന്നും വാങ്ങിയത്. കഴിഞ്ഞ മാസം 28 ന് തനിക്കെതിരെ പരാതി നല്കുമ്പോള് ബലാത്സംഗം ചെയ്തുവെന്ന ആരോപണം ഉയര്‍ന്നില്ലെന്നും എംഎല്‍എ വാദിച്ചു.
അതേസമയം കോവളത്തുവെച്ച് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതിക്കാരിയും അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നല്‍കിയത്.


