പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് വ്യവസായ സംരംഭക സംഗമം പെരുമ്പാവൂര്‍ സുഭാഷ് മുനിസിപ്പല്‍ പാര്‍ക്കില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ അറിയിച്ചു. ജനുവരി 25 മുതല്‍ 28 വരെ നാല് ദിവസങ്ങളിലായിട്ടാണ് വ്യവസായ സംരംഭക മേളയും സംരംഭക സംഗമവും നടക്കുന്നത്. താലൂക്ക് പരിധിയിലെ വിദ്യാലയങ്ങളെ ഉള്‍പ്പെടെത്തി പെരുമ്പാവൂരിലെ ഭാവി വ്യവസായ സങ്കല്‍പ്പം എന്ന വിഷയത്തില്‍ ഉപന്യാസ മത്സരങ്ങളും സംഘടിപ്പിക്കും.
ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച 26 വ്യവസായ സ്റ്റാളുകള്‍ സംഗമത്തില്‍ പങ്കെടുക്കും. 800 വ്യക്തികളാണ് ഈ വര്‍ഷം കുന്നത്തുനാട് താലൂക്കില്‍ വ്യവസായങ്ങള്‍ ആരംഭിച്ചത്. കര കൗശല വസ്തുക്കളും വ്യവസായ ഉല്‍പ്പന്നങ്ങളും ഇവിടെ മേളയില്‍ നിന്ന് ലഭ്യമാകും. സംഗമത്തിന്റെ ഭാഗമായി സെമിനാറുകളും ചര്‍ച്ച ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
ജനുവരി 26 നു രാവിലെ 10 മണിക്ക് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ അധ്യക്ഷതയില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ സംരംഭക സംഗമം ഉദ്ഘാടനം നിര്‍വഹിക്കും. സമാപന സമ്മേളന ഉദ്ഘാടനം ബെന്നി ബെഹന്നാന് എംപി നിര്‍വഹിക്കും.
വ്യവസായ സംരംഭക സംഘാടക സമിതി രൂപീകരണ യോഗത്തില്‍ അഡ്വ .എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭ ചെയര്മാന് ടി.എം സക്കീര്‍ ഹുസൈന്, നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഭിലാഷ് പുതിയേടത്ത്, താലൂക്ക് ഉപജില്ലാ വ്യവസായ ഓഫിസര്‍ രേഷ്മ ജി, മറ്റ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ജിബിന്‍ ജോയ്, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, പോലീസ്, അഗ്നിശമന സേനാ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.


