കോഴിക്കോട് കക്കോടിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയായിരുന്നു സംഭവം. വ്യാപാരിയായ ലുക്മാനുല്‍ ഹക്കീമിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളുകയായിരുന്നു.
ഇന്നലെ രാത്രി 9 മണിക്കായിരുന്നു സംഭവം. കക്കോടിയില്‍ കട നടത്തുന്ന ബാലുശ്ശേരി സ്വദേശിയായ ലുക്മാനെ കാറിലെത്തിയ നാലംഗ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ലുക്മാനെ കാറില്‍ കയറ്റി മലപ്പുറം ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. കാറിനകത്തുവച്ച് ഇയാളെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അര്‍ദ്ധ രാത്രിയോടെ മലപ്പുറം ജില്ലയിലെ വാഴക്കാട് റോഡരികില്‍ ലുക്മാനെ ഉപേക്ഷിക്കുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. നിലവില്‍ ലുക്മാന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാലും കയ്യും ഒടിഞ്ഞിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റു.
ഇന്നലെ രാത്രി തന്നെ സംഘത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് കണ്ടെടുത്തു. ലുക്മാനുമായുള്ള കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ അറിയിച്ചു എന്നാണ് സൂചന.


