കൊച്ചി: ആദ്യവിവാഹം തകരുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ബന്ധം തകര്‍ന്നതോടെ മദ്യപാനം ആരംഭിച്ചുവെന്നും ആത്മഹത്യയുടെ വക്കിലെത്തിയെന്നും നടൻ ഭഗത് മാനുവൽ. ഷെഫ് നളന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ഭഗതിന്റെ വാക്കുകൾ
വിവാഹം ഡിവോഴ്സില് എത്തുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എറണാകുളത്ത് തന്നെയുള്ള ഒരു പെണ്‍കുട്ടിയെയാണ് വിവാഹം ചെയ്തത്. സിനിമയിലേക്ക് വന്നശേഷമായിരുന്നു വിവാഹം. ഒരു മകനുണ്ട്. അവൻ എനിക്കൊപ്പമാണ്. പ്രാർഥനയും മറ്റുമായി മുന്നോട്ട് പോയിരുന്ന കുടുംബമായിരുന്നു എന്റേത്. പണ്ട് നക്സലേറ്റായിരുന്ന അപ്പൻ പിന്നീട് കരിസ്മാറ്റിക്കായി മാറുകയായിരുന്നു. അങ്ങനെയൊരു അപ്പന്റെ മകനായി ജീവിച്ച് വന്നിട്ട് പെട്ടന്ന് വിവാഹമോചനം പോലൊന്ന് ജീവിതത്തില്‍ സംഭവിച്ചപ്പോള്‍ പിടിച്ചാല്‍ കിട്ടിയില്ല. ഞാൻ മദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി.
ഡിവോഴ്സ് സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്. ഒരുപാട് പ്രശ്നങ്ങള്‍ ആ സമയത്ത് ഉണ്ടായിരുന്നു. എന്റേത് പ്രണയ വിവാഹമായിരുന്നു. ഡിവോഴ്സിന് ശേഷമുണ്ടായ ജീവിതത്തില്‍ നിന്ന് പുറത്ത് വരാൻ ഒരുപാട് സമയം എടുത്തു. മകൻ ഒപ്പമുണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹമായിരുന്നു. എന്റെ അപ്പയും അമ്മയുമാണ് അവനെ വളർത്തിയതും വലുതാക്കിയതും. മലർവാടി ആർട്സ് ക്ലബ്’ കഴിഞ്ഞ ശേഷമായിരുന്നു വിവാഹം. എനിക്ക് ഒരു സഹോദരിയാണ് കൂടപ്പിറപ്പായി ഉള്ളത്. വിവാഹമോചന ശേഷം ഞാൻ കൊച്ചിയില്‍ തന്നെയായിരുന്നു താമസം. അതുകൊണ്ട് കുടുംബ പ്രശ്നങ്ങള്‍ വീട്ടുകാർ ഒന്നും അറിഞ്ഞിരുന്നില്ല. അന്ന് എന്റെ നാട്ടില്‍ നടന്ന ഏറ്റവും വലിയ വിവാഹം എന്റേതായിരുന്നു.


