കല്ലമ്പലം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 23 കാരന് അറസ്റ്റില്‍. നാവായിക്കുളം വടക്കേവയല്‍ കുന്നുവിള വീട്ടില്‍ പ്രദീപാണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടമ്മയുടെ മകൻ്റെ കൂട്ടുകാരനാണ് പീഡിപ്പിക്കാൻ ശ്രമിച്ച പ്രദീപ്.
രാത്രി ഇവരുടെ മകനുമായി മദ്യപിച്ചശേഷം പ്രദീപ് മകനെ അയാളുടെ ഭാര്യാവീട്ടില്‍ കൊണ്ടാക്കുകയും തിരിച്ചെത്തി വീട്ടമ്മയുടെ കതകില്‍ തട്ടിവിളിക്കുകയും ചെയ്തു. മകന് മദ്യപിച്ച് ബോധമില്ലാതെ റബര്‍ പുരയിടത്തില്‍ കിടക്കുന്നു എന്നു പറഞ്ഞ് അവരെ വിളിച്ചിറക്കി തൊട്ടടുത്ത റബര്‍ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മ നിലവിളിച്ചതിനെതുടര്‍ന്ന് പ്രതി ഓടി രക്ഷപെട്ടു. വീട്ടമ്മയുടെ പരാതിയില്‍ രാത്രി തന്നെ കല്ലമ്പലം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ഇന്‍സ്പെക്ടര്‍ ഐ.ഫിറോസിൻ്റെ നേതൃത്വത്തില്‍ എസ്.ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹരിമോന്.ആര്, സിവില്‍ പൊലീസ് ഓഫീസര്‍ മാരായ വിനോദ് കുമാര്‍, സന്തോഷ് കുമാര്‍, കവിത, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.