നടിയെ ആക്രമിച്ച കേസിലെ തുടര്‍ അന്വേഷണ ഭാഗമായി കാവ്യാ മാധവനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കും. രണ്ടു കേസിലും പങ്കില്ലെന്ന് കാവ്യ ക്രൈം ബ്രാഞ്ചിന് മൊഴി നല്കി. പക്ഷേ ഈ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
ആലുവയിലെ പത്മസരോവരം വീട്ടില്‍ വെച്ച് നാലര മണിക്കൂര്‍ ആണ് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ എല്ലാം കാവ്യ നിഷേധിച്ചു. കേസില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ ശബ്ദരേഖ ക്രൈം ബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍.
ശബ്ദരേഖയിലെ ആരോപണം കാവ്യ ചോദ്യം ചെയ്യലില്‍ തള്ളി. ഈ മൊഴി അന്വേഷണസംഘം പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല.
ഉത്തരങ്ങളില്‍ തൃപ്തി വരാത്തതുകൊണ്ട് തന്നെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം ഊര്‍ജിതമാക്കുകയാണ് ക്രൈംബ്രാഞ്ച്. എന്നാല്‍ ഇന്ന് ചോദ്യം ചെയ്യല്‍ ഉണ്ടാവില്ലെന്നാണ് സൂചന.


