ആലപ്പുഴ : പിപി ചിത്തരഞ്ജന് എംഎല്‍എയ്ക്കെതിരെ വധഭീഷണി. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലേക്കാണ് ഭീഷണി കത്ത് അയച്ചത്. എംഎല്‍എയുടെ കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നില്‍ വെയ്ക്കുമെന്നാണ് ഭീഷണി കത്തിൽ പറഞ്ഞിരിക്കുന്നത്.
എംഎല്‍എയുടെ വലത് കാലും, ഇടത് കയ്യും വെട്ടുമെന്നും കുടുംബാംഗങ്ങള്‍ക്ക് വിഷം നല്കി കൊല്ലുമെന്നുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ഒന്‍പത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും കത്തില്‍ പറയുന്നു. തലശ്ശേരി എംഎല്‍എ ഷംസീറിനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവര്‍ക്കും ഇതേ അവസ്ഥയുണ്ടാകുമെന്നും കത്തില്സൂചിപ്പിച്ചിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശി ബെന്നി മാര്ട്ടിന് എന്ന വിലാസത്തിലാണ് കത്ത് അയച്ചിരിക്കുന്നത്. ഭീഷണി കത്ത് ലഭിച്ചതിനെതിരെ മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കര്‍ക്കും എംഎല്‍എ പരാതി നല്‍കിയിട്ടുണ്ട്.
അടുത്തിടെ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇന്ത്യ വിടണമെന്ന് തരത്തിലുള്ള ഭീഷണി കത്ത് ലഭിച്ചിരുന്നു. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. ക്രിമിനല്‍ പട്ടികയില്പ്പെടുത്തിയതിൻ്റെ പ്രതികാരമാണെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമായിരുന്നു. തുടർന്ന് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ടി പി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു.
”ടിപി കേസിലെ പ്രതികളെയാണ് സംശയം. വടക്കന്‍ ജില്ലകളിലുള്ളവരുടെ ഭാഷയാണ്. വീണ്ടും ജയിലിലേയ്ക്ക് തന്നെ പോകണം എന്ന രീതിയിലാണ് എഴുതിയിട്ടുള്ളത്. ടിപി കേസിലെ ഒരാള്‍ ജാമ്യത്തിലും ഒരാള്‍ പരോളിലും ഉണ്ട്. സംരക്ഷണം വേണമെന്ന് പറയുന്നില്ല. പക്ഷേ കത്തിൻ്റെ ഉറവിടം കണ്ടെത്തണം.” എന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചത്.
പരാതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഭീഷണിക്ക് പിന്നില്‍ ടി പി വധക്കേസ് പ്രതികളാണെന്ന് സംശയിക്കുന്നുവെന്നും ഗൗരവമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ആവശ്യപ്പെട്ടിരുന്നു.