പ്രസവ ചികില്‍സയ്ക്കിടെ കഴിഞ്ഞ ദിവസം അമ്മയും കുഞ്ഞും മരിച്ചെന്ന ആക്ഷേപം ഉയര്‍ന്ന പാലക്കാട് യാക്കര തങ്കം ആശുപത്രിയില്‍ വീണ്ടും ചികില്‍സാ പിഴവ് കാരണം യുവതി മരിച്ചതായി പരാതി. ഭിന്നശേഷിക്കാരിയായ കോങ്ങാട് സ്വദേശിനി കാര്‍ത്തികയാണ് ഓപ്പറേഷന് വേണ്ടി അനസ്തീസിയ നല്‍കിയതിന് പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത്. അനസ്തീസിയ നല്‍കിയതില്‍ പിഴവുണ്ടായെന്നും മരണ വിവരം അറിയിക്കാന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്കി. മരിച്ച കാര്‍ത്തികയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മരണ വിവരം ഒളിപ്പിച്ചുവെന്നും ആരോപിച്ചാണ് കാര്‍ത്തികയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
ചെറുപ്പത്തില്‍ പോളിയോ ബാധിച്ച യുവതിയ്ക്ക് കാലിന് സ്വാധീനക്കുറവുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാനാവുമെന്ന് തങ്കം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാര്‍ത്തികയുടെ കുടുംബത്തിന് ഉറപ്പ് നല്കി. ഇതനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നല്‍കിയപ്പോഴുണ്ടായ ഹൃദയസ്തംഭനം മൂലമാണ് യുവതിയുടെ മരണം.
അനസ്തീസിയ നല്‍കിയതില്‍ പിഴവുണ്ടായെന്നും ഡോക്ടര്‍മാര്‍ വിവരം പുറത്ത് പറയാന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ടൗണ്‍ സൗത്ത് പൊലീസെത്തിയാണ് ബന്ധുക്കളെ ശാന്തരാക്കി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. കാര്‍ത്തികയുടെ മരണത്തില്‍ ചികില്‍സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി.
ശ്രീകൃഷ്ണപുരം കുലുക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കാര്‍ത്തിക. അവിവാഹിതയാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. കഴിഞ്ഞ ദിവസമാണ് പ്രസവ ചികില്‍സയ്ക്കിടെ ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയും നവജാത ശിശുവും തങ്കം ആശുപത്രിയില്‍ മരിച്ചത്. ചികില്‍സാപ്പിഴവെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാര്‍ത്തികയുടെയും മരണം.