കൊച്ചി: ആലുവയിൽ വഴി യാത്രക്കാരനെ ആക്രമിച്ചു കവർച്ച നടത്തിയ കേസിലെ പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരെന്ന് പൊലീസ്. പ്രതികൾക്കായി അന്വേഷണം തുടരുന്നു. ആലുവയിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. നാലംഗ പൊലീസ് സംഘത്തെ രാത്രികാല സുരക്ഷയ്ക്കായി നിയോഗിക്കാനും തീരുമാനിച്ചു. ഗുരുതരമായി പരുക്കേറ്റ് പെരുമ്പാവൂർ സ്വദേശി ജോഫിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷന് പിൻഭാഗത്തുള്ള റോഡിലാണ് സംഭവം. പ്രദേശം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമെന്നാണ് ആക്ഷേപം. അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് പ്രതികരിച്ചു. ഇന്നലെ പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷന് പിൻഭാഗത്തുള്ള റോഡിലൂടെ നടന്നുപോയ ജോഫിനെ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും പണവും സ്വർണ്ണവും കവരുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിലേക്ക് പോയ ജോഫിനെ എറിഞ്ഞു വീഴ്ത്തി കല്ലുകൊണ്ട് മുഖത്തും നെഞ്ചിലും ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തെന്നാണ് പരാതി. അവശനായപ്പോൾ തൊട്ടടുത്ത കാനയിലേക്ക് ഉപേക്ഷിച്ചു. തുടർന്ന് റെയിൽവേ പൊലീസാണ് ജോഫിനെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോഫിൻ ഐസിയുവിലാണ്.
സംഭവം നടന്ന പ്രദേശം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇത്തരം അക്രമ സംഭവങ്ങൾ തുടർക്കഥയാണെന്നും പ്രദേശവാസികൾ. പ്രദേശത്ത് സിസിടിവിയോ സ്ട്രീറ്റ് ലൈറ്റുകളോ ഇല്ല. കാടു മൂടിയ പ്രദേശം വൃത്തിയാക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരം സുരക്ഷിതമാക്കാൻ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം

