തിരുവനന്തപുരം: പിഎസ്സി പരീക്ഷാ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും പിഎസ്സിയും തമ്മിലുള്ള പോര് മുറുകുന്നു. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷ ക്രമക്കേട് പരാതിയിൽ പിഎസ്സി അംഗങ്ങൾ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന നിലപാടിലാണ് പ്രത്യേക അന്വേഷണ സംഘം. എന്നാൽ പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആകില്ലെന്നും മൊഴിയെടുക്കാൻ പിഎസ്സി ഓഫീസിലേക്ക് വരണമെന്നുമാണ് പിഎസ്സി സെക്രട്ടറിയുടെ നിലപാട്.
നിലവിൽ പിഎസ്സിയുടെ നാല് അംഗങ്ങൾക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് നോട്ടീസ് നൽകും. പിഎസ്സി ചെയർമാൻ ഉൾപ്പെടെ പതിനാറ് പേർക്കെതിരെയാണ് പരാതിയുള്ളത്. ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകുന്നതിൽ പിഎസ്സി നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്നതിൽ ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനമാകും.
രാജ്യത്ത് രാഷ്ട്രപതിക്കും ഗവർണർമാർക്കും മാത്രമാണ് ക്രിമിനൽ കേസുകളിൽ പ്രത്യേക പരിഗണനയുള്ളത്. പിഎസ്സി അംഗങ്ങൾക്ക് നിയമപരമായ ഒഴിവാക്കലുകൾ ഇല്ലെന്നും നിയമവിദഗ്ധർ വ്യക്തമാക്കുന്നു. എങ്കിലും ഉന്നത പദവികളിൽ ഇരിക്കുന്നവരോടുള്ള ഔദ്യോഗിക മര്യാദയുടെ ഭാഗമായാണ് പിഎസ്സി ഓഫീസിൽ വന്ന് മൊഴിയെടുക്കണമെന്ന് ആവശ്യപ്പെടുന്നത്.
കേസിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് എസ്ഐടി. ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി ശിപാർശ ചെയ്തുകൊണ്ട് എസ്ഐടി ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് സർക്കാരിന് കൈമാറിയ ശേഷം സർക്കാർ ആവശ്യപ്പെടുന്നതിന് അനുസരിച്ചായിരിക്കും തുടർനടപടികൾ ഉണ്ടാവുക.

