തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന വില നൽകി വൈദ്യുതി വാങ്ങാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും പങ്കെടുത്ത ഉന്നതതല ഓൺലൈൻ യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. ഇതിനായി നാഷണൽ തെർമൽ പവർ കോർപ്പറേഷനെ (NTPC) സമീപിക്കും. എത്ര രൂപ കൊടുത്തും എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് സർക്കാരിന്റെ തീരുമാനം. ഓൺലൈനായി ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, വൈദ്യുതി സെക്രട്ടറി, നിയമ സെക്രട്ടറി, മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി എന്നിവരും പങ്കെടുത്തു.
അധികമായി ആയിരത്തിലേറെ മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാല്‍ സംസ്ഥാനത്ത് ഇന്നലെ രാത്രികാല വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല. ഇന്നും വൈദ്യുതി ലഭിച്ചാല്‍ രാത്രികാല നിയന്ത്രണം ഒഴിവാക്കും. വില്ക്കാന് വേണ്ടത്ര വൈദ്യുതിയുള്ള സംസ്ഥാനങ്ങളിലെ ഉല്പാദനം മെച്ചപ്പെട്ടതും ഉപഭോഗം കുറഞ്ഞതുമാണ് കേരളത്തിന് സഹായമായതെന്ന് കെഎസ്ഇബി വിലയിരുത്തുന്നു. കെഎസ്ഇബി ഡയറക്ടർമാർ വൈദ്യുതി സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങളിലെത്തി നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം. അതിനായി ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് കെഎസ്ഇബി ജനറേഷൻ ഡയറക്ടർ ഇന്ന് യാത്രതിരിക്കും.
അതേസമയം സംസ്ഥാനത്ത് ഇന്നുമുതൽ രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കാം. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

