കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. ഉമേഷും, ഉദയനുമാണ് കേസിലെ കുറ്റക്കാര്‍. ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.
ആയുര്‍വേദ ചികിത്സക്കായി തിരുവനന്തപുരം പോത്തന്‍കോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാര്‍ച്ച് 14നാണ് കാണാതാകുന്നത്. 36 ആം ദിനം യുവതിയുടെ അഴുകിയ മൃതദേഹം കോവളത്തുള്ള പൊന്തകാടില് നിന്ന് പൊലീസ് കണ്ടെത്തി.
സഹോദരിയുടെ ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് പ്രദേശ വാസികളായ ഉമേഷിനെയും, ഉദയകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വലിയ ചര്‍ച്ചയായ കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷം കഴിഞ്ഞാണ് വിധി വന്നത്. കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് കോടതി നടപടികള്‍ ഓണ്‍ലൈന്‍ വഴികാണാനുള്ള സംവിധാനം ഒരുക്കിയിരുന്നു.


