ശാസ്താംകോട്ട: ഭാര്യക്കും മക്കള്‍ക്കും നേരെ അതിക്രമം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി കോവൂര്‍ ആകാശ് ഭവനത്തില്‍ ജേക്കബ് വൈദ്യ(41)നെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. ഭാര്യ ലീനയുടെ പരാതിയിലാണ് അറസ്റ്റ്. 2014 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഭാര്യവീട്ടുകാര്‍ നല്കിയ 15 പവന് സ്വര്‍ണാഭരണങ്ങളും 1,10,000 രൂപയും ധൂര്‍ത്തടിച്ചശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ട് ലീനയെ ഇയാൾ ഉപദ്രവിക്കുന്നത് പതിവായിരുന്നു.
ഇവര്‍ക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്. ഇയാളുടെ ഉപദ്രവം ഭയന്ന് കുട്ടികളുമായി ഇവർ അമ്മയോടൊപ്പം മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. മാര്‍ച്ച് 22ന് ജേക്കബ് മദ്യപിച്ച് വീട്ടിലെത്തുകയും കുട്ടികളെയും ലീനയെയും മാതാവിനെയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ ലീനയുടെ കൈയുടെ എല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു.
കഴിഞ്ഞദിവസം ഉച്ചക്ക് ഇയാൾ വീണ്ടും മദ്യപിച്ചുവന്ന് ലീനക്കും മക്കള്‍ക്കും നേരെ ആക്രമണം നടത്തുകയും സാധനങ്ങൾ നശിപ്പുകയും ചെയ്തു. അക്രമത്തിൽ നാലുവയസ്സുകാരനായ മകന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


