കൊച്ചി: മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണത്തെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ തൈക്കണ്ടിയിലും. ഹൈക്കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്ക്കിടയാണ് ആദായനികുതി ഇന്റ്റിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖകള്‍ പരസ്യ രേഖയല്ലന്നും രേഖകളില്‍ പൊതുതാല്പര്യമില്ലാത്തതിനാല് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാനാകില്ലെന്നുമുള്ള മറുപടി വാദങ്ങളുമായി മുഖ്യമന്ത്രിയുടെയും മകളുടെയും അഭിഭാഷകരെത്തിയത്.
അടച്ചിട്ട ബോര്‍ഡ് മുറിക്കുള്ളിലെ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കാനാവില്ല. കരാര്‍ പ്രകാരം ലഭിച്ച സേവനത്തിനാണ് എക്സാലോജിക് കമ്പനിക്ക് സിഎംആര്‍എല്‍ പണം നല്‍കിയത്. ഇക്കാര്യം സിഎംആര്‍എല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു. നിയമപരമായി സാധുതയില്ലാത്ത ഹര്‍ജിയിലെ ആവശ്യങ്ങള്‍ തള്ളണമെന്നും പിണറായി വിജയന്റെയും വീണ തൈക്കണ്ടിയിലിന്റെയും അഭിഭാഷകന് വാദിച്ചു.
ഡോ.മാത്യൂ കുഴല്നാടന് എംഎല്‍എയുടെ ഹര്‍ജിയെ എതിര്‍ത്താണ് മുഖ്യമന്ത്രി പിണറായി വിജയനും മകളും എക്സാലോജിക് കമ്പനിയുടമയുമായ വീണ തൈക്കണ്ടിയിലും മറുപടി നല്‍കിയത്. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം അനുവദിക്കാനാവില്ലെന്നായിരുന്നു സിഎംആര്‍എല്‍ ഹൈക്കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെയും വീണ തൈക്കണ്ടിയിലിന്റെയും സര്‍ക്കാരിന്റെയും സിഎംആര്‍എലിന്റെയും വാദത്തിന് ഹര്‍ജിക്കാരനായ മാത്യൂ കുഴല്നാടന് എംഎല്‍എ ഓഗസ്റ്റ് ഏഴിന് ഹൈക്കോടതിയില്‍ മറുപടി നല്‍കും. പൊതുപ്രവര്‍ത്തകനായ ജി ഗിരീഷ് ബാബു നല്കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. രണ്ട് ഹര്‍ജികളിലും വാദം പൂര്‍ത്തിയായ ശേഷം സിഎംആര്‍എല്‍ എക്സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം വേണോയെന്നതില്‍ ഹൈക്കോടതി തീരുമാനമെടുക്കും. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് രണ്ട് റിവിഷന്‍ ഹര്‍ജികളിലും വാദം കേള്‍ക്കുന്നത്.